പൂർണമായും സൗജന്യം; വെൽഫെയർ കേരള വിമാനം പറന്നുയർന്നത് ചരിത്രത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതകാലം തള്ളി നീക്കിയ ഒരുപറ്റം പ്രവാസികളുടെ നാടണയാനുള്ള സ്വപ്നം സഫലമാക്കി വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ശനിയാഴ്ച കോഴിക്കോട്ടേക്ക് പറന്നു. നാല് കൈകുഞ്ഞുകള്‍ ഉള്‍പ്പെടെ 164 യാത്രക്കാരാണ് നാടഞ്ഞത്. മുഴുവന്‍ പേർക്കും പൂര്‍ണ്ണമായും സൗജന്യമായാണ് യാത്രാ സൗകര്യം ഒരുക്കിയത്.
യാത്രക്കാര്‍ക്കുള്ള പി.പി.ഇ കിറ്റുകളും ലഘുഭക്ഷണവും വിമാനത്താവളത്തിൽ ടീം വെൽഫെയർ വളണ്ടിയർമാർ വിതരണം ചെയ്തു. എല്ലാ യാത്രക്കാര്‍ക്കും പോക്കറ്റ് മണിയായി പത്ത് ദീനാര്‍ വീതം നൽകി. ജസീറ എയര്‍വേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് യാത്രാ സൗകര്യം ഒരുക്കിയത്. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സൗജന്യ ചാര്‍ട്ടര്‍ വിമാനം കൂടിയാണിത്.
ശനിയാഴ്ച ഉച്ചക്ക് 1.30ന് കുവൈത്ത് വിമാനത്താവളത്തിലെ അഞ്ചാം ടെർമിനലിൽനിന്ന് വിമാനം പറന്നുയർന്നു. ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ളവര്‍, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ പട്ടിക തയാറാക്കിയിരുന്നത്.
ജനകീയ പങ്കാളിത്തത്തോടെയുള്ള ചാര്‍ട്ടര്‍ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും നിരവധി പ്രവാസി സംഘടനകളും വ്യക്തികളും പിന്തുണയുമായി രംഗത്ത് വന്നതായും ഭാരവാഹികൾ പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ചരിത്ര ദൗത്യം നിര്‍വ്വഹിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് റസീന മുഹിയുദ്ദീന്‍ പറഞ്ഞു.
അന്‍വര്‍ സയീദ് ചാര്‍ട്ടര്‍ വിമാന പദ്ധതിക്ക് നേതൃത്വം നല്‍കി. അന്‍വര്‍ ഷാജി, ഖലീലുറഹ്മാന്‍, ലായിക് അഹ്മദ്, വിനോദ് പെരേര, അനിയന്‍ കുഞ്ഞ്, അശ്ക്കര്‍ മാളിയേക്കല്‍, സി.കെ. നജീബ്, ഷൗക്കത്ത് വളാഞ്ചേരി, വിഷ്ണു നടേശ്, ഷഫീര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.