നിയമസഭ തെരഞ്ഞെടുപ്പ്: അടിസ്ഥാന വിഷയങ്ങൾ ചർച്ചയാകണം –കെ.എ. ഷഫീഖ്
text_fieldsകുവൈത്ത് സിറ്റി: കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളായ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണമെന്ന് വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ് പരിവാറിെൻറ വർഗീയ ധ്രുവീകരണ അജണ്ടകൾ ഇടത്, വലത് മുന്നണികൾ ഏറ്റുപിടിച്ചിരിക്കുകയാണ്. സംഘ്പരിവാറിന് വിധേയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കഴിഞ്ഞ അഞ്ചുവർഷം കേരള പൊലീസിനെ നിയന്ത്രിച്ചത് ആർ.എസ്.എസായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. എട്ടുപേരെയാണ് ഇൗ സർക്കാർ കാലയളവിൽ പൊലീസ് വെടിവെച്ചുകൊന്നത്. ദലിതുകളും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളുമാണ് വേട്ടയാടപ്പെട്ടത്. സാമ്പത്തിക സംവരണം എന്ന പേരിൽ സവർണ സംവരണം നടപ്പാക്കിയ സർക്കാറാണിത്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതി അട്ടിമറിക്കപ്പെട്ടു. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കക്കാരായ ദലിതുകളെയും ആദിവാസികളെയും ഇടതുസർക്കാർ വഞ്ചിച്ചു. പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഉണ്ടായിരുന്നില്ല.
ഒരുതുണ്ട് ഭൂമി നിഷേധിക്കപ്പെട്ടതിെൻറ പേരിൽ സമരം ചെയ്ത് രക്തസാക്ഷിയായ രാജെൻറയും അമ്പിളിയുടെയും മകൻ വിരൽചൂണ്ടി പറഞ്ഞത് 'നിങ്ങളാണ് എെൻറ അച്ഛനെയും അമ്മയെയും കൊന്നത്' എന്നാണ്. ഇൗ ചോദ്യത്തെ അവഗണിച്ച് അടിസ്ഥാന വിഷയങ്ങളിൽനിന്ന് ഒളിച്ചോടാൻ ഭരണകൂടങ്ങളെ അനുവദിക്കരുത്. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണത്തിൽ ദലിതുകളെ ചതിച്ചതിെൻറ ഫലമായാണ് ഇത്തരമൊരു സ്ഥിതിവന്നത്. അതുകൊണ്ടുതന്നെ സാമൂഹികനീതിയുടെ രാഷ്ട്രീയമാണ് വെൽഫെയർ പാർട്ടി ഇൗ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഇൗദ് അധ്യക്ഷത വഹിച്ചു. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോടും മൂല്യങ്ങളോടും നീതി പുലർത്തുന്ന സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞുവെന്നും അവരുടെ വിജയം ഉറപ്പുവരുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് സ്വാഗതവും പ്രോഗ്രാം കൺവീനർ റഫീഖ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.