വെൽഫെയർ കേരള കുവൈത്ത് സ്വാതന്ത്ര്യദിന സംഗമം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ മേഖല സ്വാതന്ത്ര്യദിന സംഗമം നടത്തി. അബ്ബാസിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി. മുൻഗാമികൾ ജീവനും സ്വത്തും ത്യജിച്ച് നേടിത്തന്ന സ്വാതന്ത്ര്യത്തെ നിലനിർത്തുകയും അതിനു കാവലിരിക്കുകയും ചെയ്യേണ്ടത് ഓരോ ദേശസ്നേഹിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം ഉണർത്തി.
അടിയുറച്ച മതവിശ്വാസിയായിരിക്കെതന്നെ മതസൗഹാർദത്തിനുവേണ്ടി ആത്മാർഥമായി നിലകൊണ്ട മഹാനായിരുന്നു രാഷ്ട്രപിതാവ് ഗാന്ധിജി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനംതന്നെയാണ് ഓരോ പൗരനും ഇക്കാലത്ത് ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിദഗ്ധൻ പി.കെ. മനാഫ്, കവിയും എഴുത്തുകാരനുമായ ധർമരാജ് മടപ്പള്ളി, കേന്ദ്ര ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഗീത പ്രശാന്തും ടീമും അവതരിപ്പിച്ച ദേശഭക്തിഗാനവും കുട്ടികളുടെ ദേശീയഗാനവും നടന്നു. ഫൈസൽ വടക്കേക്കാട്, പ്രമോദ് എന്നിവർ അവതരിപ്പിച്ച കവിയരങ്ങും ശ്രദ്ധേയമായി.
മേഖല പ്രസിഡന്റ് എം.എം. നൗഫൽ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദു സ്വാഗതവും കെ. സമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.