ഫലപ്രദമായ സൈബർ സുരക്ഷാസംവിധാനം ആവിഷ്കരിക്കും; സൈബർ ടീമുകളെ വികസിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസനം, സമൃദ്ധി, സമ്പദ്വ്യവസ്ഥ എന്നിവയെ പിന്തുണക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഫലപ്രദവുമായ സൈബർ സെക്യൂരിറ്റി സംവിധാനം ആവിഷ്കരിക്കുന്നു. സൈബറിടങ്ങളിൽ നുഴഞ്ഞുകയറ്റവും കുറ്റകൃത്യങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണിത്.
ആന്തരികവും ബാഹ്യവുമായ സൈബർ അപകടങ്ങളിൽനിന്നും ഭീഷണികളിൽനിന്നുമുള്ള സംരക്ഷണം ഉറപ്പാക്കുമെന്ന് നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി തലവൻ മേജർ ജനറൽ എൻജിനീയർ മുഹമ്മദ് ബറൂക്കി പറഞ്ഞു. 2022ലാണ് നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി സ്ഥാപിതമായത്. വിവര ശൃംഖലകൾ, ടെലി കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ശേഖരണം, കൈമാറ്റം എന്നിവ സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള രൂപക്കൂട് സൃഷ്ടിക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം.സൈബർ സുരക്ഷാടീമുകളെ വികസിപ്പിക്കാനും ആവശ്യമായ പിന്തുണയും കൗൺസലിങ്ങും നൽകാനും പ്രതികരണശ്രമങ്ങൾ ഏകോപിപ്പിക്കാനും ലക്ഷ്യമിടുന്നതായും മുഹമ്മദ് ബറൂക്കി പറഞ്ഞു.
രാജ്യത്തെ സുപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾ, ആശയവിനിമയ ശൃംഖലകൾ, വിവരസംവിധാനങ്ങൾ എന്നിവയെ തടസ്സപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിക്കുന്നത് തടയാൻ ഇതിനായുള്ള സെന്റർ സഹായിക്കും. രാജ്യത്തിനകത്തോ പുറത്തുനിന്നോ ഉള്ള എല്ലാ ഓൺലൈൻ ഭീഷണികളെയും നേരിടാനാവശ്യമായ നടപടിയും സ്വീകരിക്കും. പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ വിവരങ്ങളും ക്രിമിനൽ കൈമാറ്റവും വർധിപ്പിക്കുക, രാജ്യത്ത് സൈബർ സുരക്ഷാസംസ്കാരത്തിന്റെ നിലവാരം ഉയർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവ ലക്ഷ്യമാണ്.
സൈബർ ഓപറേഷനുകൾക്ക് ചട്ടക്കൂട് തയാറാക്കുന്നതിനായി പ്രവർത്തിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈബർ സുരക്ഷാമേഖലയിൽ സ്പെഷലിസ്റ്റുകൾ, വിവിധ സംസ്ഥാന സ്ഥാപനങ്ങൾ, സൗഹൃദരാജ്യങ്ങൾ എന്നിവരുമായി സഹകരണം വർധിപ്പിക്കാനുള്ള ആഗ്രഹവും മുഹമ്മദ് ബറൂക്കി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.