ഫലസ്തീനെ പിന്തുണക്കുന്നതിൽനിന്ന് പിറകോട്ടുപോകില്ല
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനുള്ള പിന്തുണയിൽനിന്ന് പിറകോട്ടില്ലെന്ന രാജ്യത്തിന്റെ ശക്തമായ നിലപാട് ആവർത്തിച്ച് കുവൈത്ത്. ഔദ്യോഗികവും ജനകീയവുമായ തലങ്ങളിൽ ഫലസ്തീൻ ലക്ഷ്യത്തെയും അവകാശങ്ങളെയും പിന്തുണക്കുകയും ഇസ്രായേലി അധിനിവേശ രീതികളെ നിരാകരിക്കുകയും ചെയ്യുന്നതായി കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യമന്ത്രിയും അറബ് ലോകകാര്യ അംബാസഡറുമായ അഹമ്മദ് അൽ ബക്കർ വ്യക്തമാക്കി. കുവൈത്തിലെ ഫലസ്തീൻ എംബസി സംഘടിപ്പിച്ച ‘നക്ബ ദിന’ത്തിന്റെ 75ാം വാർഷിക അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അഹമ്മദ് അൽ ബക്കർ.
ഫലസ്തീൻ പോരാട്ടത്തിന്റെ ഉറവയാണ് കുവൈത്ത്. ഫലസ്തീന്റെ ന്യായമായ ആവശ്യത്തെ സംരക്ഷിക്കുന്ന ശബ്ദമായി എല്ലാ വേദികളിലും കുവൈത്ത് തുടരുന്നു. ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ സമരത്തെ പിന്തുണക്കുന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാട്. ഫലസ്തീൻ ജനതക്കും അവരുടെ തിരഞ്ഞെടുപ്പുകൾക്കുമൊപ്പം രാജ്യം നിൽക്കുന്നു. അധിനിവേശം അവസാനിപ്പിച്ച് അഭയാർഥികളുടെ തിരിച്ചുവരവ് ഉറപ്പുവരുത്തുന്നതിനും, 1967ലേതിന് തുല്യമായി കിഴക്കൻ ജറൂസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ന്യായവും സമഗ്രവുമായ പരിഹാരത്തിൽ എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളെയും കുവൈത്ത് പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനികൾക്കുള്ള കുവൈത്തിന്റെ സാമ്പത്തിക പിന്തുണയെ അഹമ്മദ് അൽ ബക്കർ പ്രകീർത്തിച്ചു. അന്താരാഷ്ട്ര വേദികളിൽ ഫലസ്തീനികൾക്കുള്ള കുവൈത്തിന്റെ പിന്തുണ ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.