ഭീകരത തുടച്ചുനീക്കാൻ മുൻകൈ എടുക്കും -കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: ഭീകരതക്കെതിരായ നീക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കുവൈത്ത്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും നേരിടാനും അതിനെതിരായി പ്രാദേശികവും അന്തർദേശീയവുമായ നീക്കങ്ങൾക്ക് പിന്തുണ നൽകാനും കുവൈത്ത് ആഗ്രഹിക്കുന്നതായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് വ്യക്തമാക്കി.
കുവൈത്തിൽ നടക്കുന്ന നാലാമത് ദ്വിദിന ‘ദുഷാൻബെ’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം എല്ലാ തലത്തിലും ഹാനികരമാണ്. തീവ്രവാദ സംഘടനകളിലൂടെയും സംഘടിത ക്രൈം സിൻഡിക്കേറ്റുകളിലൂടെയും തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ചിലർ ശ്രമിക്കുന്നു. ഇതിന് ആധുനിക ടെക്നോളജിയും സാമ്പത്തികവും ഉപയോഗിക്കുന്നു.
ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും കിരീടാവകാശി സൂചിപ്പിച്ചു. തീവ്രവാദത്തെയും അതിലേക്ക് നയിക്കുന്ന എല്ലാത്തിനെയും നേരിടാൻ ലോകം ഭിന്നതകൾ മാറ്റിവെച്ച് ഒന്നിക്കണം. തീവ്രവാദത്തെ തടയുന്നതിന് അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും മനുഷ്യാവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം ഉണർത്തി.
രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെ അവക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കി തടയണം. ‘ഭരണകൂട ഭീകരത’യും അപകടകരമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യക്കടത്ത്, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയവ തടയുന്നതിന് അതിർത്തി സുരക്ഷ പ്രധാനമാണെന്നും കിരീടാവകാശി പറഞ്ഞു. തീവ്രവാദത്തെയും കുറ്റകൃത്യങ്ങളെയും പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.