കുടുംബവിസ പുനരാരംഭിക്കുമോ? പ്രവാസികൾ പ്രതീക്ഷയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ വിസകൾ വൈകാതെ അനുവദിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതോടെ കുടുംബവിസ തുടങ്ങുമെന്ന ചർച്ചയും സജീവമായിട്ടുണ്ട്. കഴിഞ്ഞ ജൂൺ മുതൽ കുവൈത്തിലേക്ക് കുടുംബവിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.
സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കൂടെക്കൂട്ടാനാകാത്ത സ്ഥിതിയിലാണ് പ്രവാസികൾ. പഴയ വിസയുള്ളവർ മാത്രമാണ് നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്നത്. പുതിയ വിസ ലഭിക്കാത്തതിനാൽ മലയാളികളടക്കം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്.
നേരത്തേ കോവിഡ് വ്യാപനത്തെതുടർന്ന് കുടുംബ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഒന്നര വർഷത്തെ ഇടവേളക്കുശേഷം 2021 നവംബറിൽ വിസ വിതരണം പുനരാരംഭിച്ചു. എന്നാൽ, ജൂണോടെ നിർത്തലാക്കി. നിലവിൽ തൊഴിൽ വിസയും കമേഴ്സ്യൽ സന്ദർശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ. അതേസമയം, പുതിയ കുടുംബ വിസകള്‍ നൽകുന്നത് വൈകാതെ പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു.
കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
പുതിയ നീക്കം മാസങ്ങളായി കുടുംബത്തെ കൊണ്ടുവരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും. രാജ്യത്ത് സ്ഥിരതാമസക്കാരായ നിശ്ചിത വരുമാനമുള്ള വിദേശികള്‍ക്കാണ് കുടുംബ, സന്ദർശന വിസകൾ അനുവദിച്ചിരുന്നത്. അതിനിടെ, വിസ നൽകുന്നവരുടെ കുറഞ്ഞ ശമ്പളനിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും താമസകാര്യ വകുപ്പ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.