2000 ദീനാർ കൊടുത്ത് അവർ ഇഖാമ പുതുക്കുമോ? കണ്ടറിയണം
text_fieldsകുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് ഇഖാമ പുതുക്കാൻ 2000 ദീനാർ ഫീസ് നൽകണമെന്ന വ്യവസ്ഥ അപ്രായോഗികമെന്ന് വിമർശനം. ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാൽ ഇവരിൽ അധികവും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്.
ശരാശരി 200 ദീനാർ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് 2000 ദീനാർ കൊടുത്ത് വർക്ക് പെർമിറ്റ് പുതുക്കാനാകില്ല. ആരോഗ്യ ഇൻഷുറൻസ് തുക ഇതിന് പുറമെ നൽകണം. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്. സ്പോൺസർ ചെലവ് വഹിക്കാനും സാധ്യത കുറവാണ്.
ഫലത്തിൽ പ്രായമേറിയ, ഉന്നത വിദ്യാഭ്യാസമില്ലാത്തവർ പ്രവാസം അവസാനിപ്പിച്ച് മടങ്ങേണ്ടിവരും. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആയപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവന്നു. കഴിഞ്ഞ ജനുവരി മുതലാണ് പ്രായപരിധി നിബന്ധന പ്രാബല്യത്തിലായത്. ജനുവരി മൂന്നുമുതൽ മാൻപവർ അതോറിറ്റി വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ല.
60 മുതൽ 65 വരെ പ്രായമുള്ളവർക്ക് ബിരുദ വിദ്യാഭ്യാസമുണ്ടെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കാം. 65ന് മുകളിലുള്ളവർ അപൂർവ സ്പെഷലൈസേഷൻ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെങ്കിൽ പുതുക്കി നൽകും. മെഡിക്കൽ പ്രഫഷൻ, കൺസൽട്ടൻറ് തുടങ്ങി രാജ്യത്തിന് ആവശ്യമായ ഉന്നതയോഗ്യതയുള്ളവർക്കാണ് താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേകാനുമതിയോടെ വർക്ക് പെർമിറ്റ് പുതുക്കിനൽകുക.
എന്നാൽ, 70 വയസ്സിന് മുകളിലുള്ളവർക്ക് ഒരുനിലക്കും പുതുക്കിനൽകേണ്ടെന്നാണ് തീരുമാനം. വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പ്രായപരിധി കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.