തണുപ്പുകാലം എത്തുന്നു: പ്രതിരോധവസ്ത്രങ്ങൾ അണിയാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥമാറ്റം പ്രകടമായതോടെ തണുപ്പ് പ്രതിരോധ വസ്ത്രങ്ങളിലേക്ക് മാറാനൊരുങ്ങി ജനങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളിലെ മഴയും അന്തരീക്ഷ താപനിലയിലുണ്ടായ കുറവും നിരവധി പേരെ പ്രതിരോധവസ്ത്രങ്ങൾ അണിയുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ജനങ്ങൾ പൂർണമായും ഇത്തരം മേൽക്കുപ്പായങ്ങളിലേക്കു മാറും. കടുത്ത തണുപ്പ് എത്തുന്ന ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മേൽക്കുപ്പായത്തിനൊപ്പം ഷൂസും തൊപ്പിയും മഫ്ലറും കൈയുറകളും വരെ ധരിച്ചാണ് പലരും പുറത്തിറങ്ങുക. തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ നിന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായാണിത്.
കട്ടിയുള്ള മേൽവസ്ത്രങ്ങൾ തണുപ്പിനെതിരെ ശരീരത്തിന് മതിയായ സംരക്ഷണം നൽകുന്നു. വസ്ത്രത്തിന്റെ ഘടന, കാറ്റിന്റെ വേഗം, ഈർപ്പം, താപനില തുടങ്ങിയ പാരിസ്ഥിതിക സവിശേഷതകൾ വ്യക്തികൾക്ക് അനുഭവപ്പെടുന്ന തണുപ്പിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കാം.
തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വായുപ്രവേശനക്ഷമത, വെള്ളം തുളച്ചുകയറുന്നതിനുള്ള സാധ്യത എന്നിവ വിലയിരുത്തണം. പ്രത്യേക തല വസ്ത്രങ്ങൾ ധരിക്കുന്നത് മഞ്ഞിനെ പ്രതിരോധിക്കാൻ നല്ലതാണ്.
ഹൃദയസംബന്ധമായ രോഗങ്ങൾ മിക്കവരിലും കൂടുതൽ പ്രകടമാകുന്നതും തണുപ്പുകാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂടി ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടുള്ളതാക്കി നിലനിർത്തുന്നത് ഈ സമയത്തെ ഹൃദ്രോഗം പ്രതിരോധിക്കാൻ നല്ലതാണ്. തണുത്ത വെള്ളത്തിലെ കുളിയും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.