ശൈത്യകാല തമ്പുകൾ മാർച്ച് 15 മുതൽ നീക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല തമ്പുകൾ മാർച്ച് 15 മുതൽ നീക്കം ചെയ്‌തുതുടങ്ങും. ഇതിനുള്ള തയാറെടുപ്പുകൾക്കായി സ്പ്രിങ് ക്യാമ്പ് കമ്മിറ്റി ഫീൽഡ് ടീമുകളെ നിയോഗിച്ചു. എല്ലാ ക്യാമ്പിങ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. തമ്പുകൾ നീക്കം ചെയ്യാനും സ്ഥലം വൃത്തിയാക്കാനുമുള്ള തയാറെടുപ്പുകൾ ചർച്ചചെയ്യാൻ കഴിഞ്ഞദിവസം സ്പ്രിങ് ക്യാമ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് അഞ്ചു സംഘത്തെ ചുമതലപ്പെടുത്തിയത്. ക്യാമ്പ് ഒഴിയുന്നതിന് മുമ്പ് സൈറ്റുകൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഫീൽഡ് ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് 15 വരെയാണ് തമ്പുകൾക്ക് അനുമതിയുള്ളത്. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചുനീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം. ഇതനുസരിക്കാത്ത തമ്പുടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ ഉണ്ടാകും. മാത്രമല്ല, പൊളിച്ചുനീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യും. ക്യാമ്പ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള ചട്ടങ്ങൾക്ക് പുറമെ പരിസ്ഥിതി അതോറിറ്റിയിൽനിന്നുള്ള പിഴകളും നിയമലംഘകർ ഒടുക്കേണ്ടിവരുമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.