ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യ മന്ത്രാലയം പ്രത്യേക കാമ്പയിൻ ആരംഭിച്ചു. യർമൂഖ് മേഖലയിലെ അബ്ദുല്ല യൂസുഫ് അൽ അബ്ദ് അൽ ഹാദി ഹെൽത്ത് സെൻററിൽ ഉദ്ഘാടന ചടങ്ങ് നടത്തി. ആരോഗ്യമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ് ഉദ്ഘാടനം നിർവഹിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് കാമ്പയിൻ നടത്തുന്നതെന്നും ഇത്തവണ കോവിഡ് പശ്ചാത്തലത്തിലാണെന്ന പ്രത്യേകതയുണ്ടെന്നും അവർ പറഞ്ഞു. തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് കഴിഞ്ഞ വർഷം 0.4 ശതമാനം ആയി കുറഞ്ഞതായും അവർ പറഞ്ഞു.
1,50,000 ഡോസ് ഇൻഫ്ലുവൻസ വാക്സിനും 75,000 ന്യൂമോണിയ വാക്സിനും നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവരും വാക്സിൻ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വാക്സിനേഷൻ വഴി പ്രതിവർഷം ലോകത്ത് 20 ലക്ഷം മുതൽ 30 ലക്ഷം വരെ മരണം ഒഴിവാക്കാൻ കഴിയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും.
ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിെൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.