ഫിലിപ്പീൻസ് എംബസിയിൽ പാർപ്പിച്ച തൊഴിലാളികളെ ഒഴിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിസ നടപടികൾ നിർത്തിവെച്ചതിന് പിറകെ ഫിലിപ്പീൻസ് എംബസിയുടെ കീഴിൽ ഗാര്‍ഹിക തൊഴിലാളികളെ പാർപ്പിച്ച കേന്ദ്രത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള നാനൂറിലേറെ പേരെയാണ് ഒഴിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. എംബസി ഷെൽട്ടറിൽനിന്ന് ഒഴിപ്പിച്ചവരെ സര്‍ക്കാര്‍ ഷെൽട്ടറിങ് കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഉടന്‍ നാടുകടത്തുമെന്നാണ് സൂചന.
നേരത്തേ തൊഴിലാളികളെ എംബസിയിൽ പാർപ്പിക്കുന്നതിനെതിരെ പബ്ലിക് അതോറിറ്റി മാന്‍പവര്‍ ആരോപണം ഉയർത്തിയിരുന്നു. കുവൈത്തും ഫിലിപ്പീൻസും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ തൊഴിൽ തർക്ക ഇടപാടുകൾ തൊഴിലാളികളും കുവൈത്ത് മാൻപവർ അതോറിറ്റിയും തമ്മിൽ നേരിട്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കരാര്‍ പ്രകാരം പ്രശ്നങ്ങൾ ഉള്ള തൊഴിലാളികളെ എത്രയും പെട്ടെന്ന് ഗാർഹിക തൊഴിൽ വകുപ്പ് അധികൃതർ മുമ്പാകെ ഹാജരാക്കണമെന്നാണ് വ്യവസ്ഥ.
ഇതിനിടെയാണ് ഫിലിപ്പീന്‍സുകാര്‍ക്കുള്ള തൊഴില്‍-സന്ദര്‍ശക വിസക്ക് കുവൈത്ത് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് വിസ വിലക്ക് ഏര്‍പ്പെടുത്തിയത്.
കുവൈത്ത് ആവശ്യപ്പെട്ട വ്യവസ്ഥകൾ പാലിക്കാൻ ഫിലിപ്പിനോ പ്രതിനിധിസംഘം വിസമ്മതിച്ചതായി കുവൈത്ത് അധികൃതർ അറിയിച്ചിരുന്നു. കുവൈത്തില്‍ രണ്ടര ലക്ഷത്തിലേറെ ഫിലിപ്പീന്‍സ് തൊഴിലാളികള്‍ ജോലിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.