പൊരിവെയിലിൽ വാടിത്തളർന്ന് പുറംപണിക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ച സമയത്ത് പുറംജോലി ചെയ്യിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചെങ്കിലും അന്തരീക്ഷ താപനില ഉയർന്നുതന്നെ. 40 ഡിഗ്രി സെൽഷ്യസിനടുത്താണ് ഇപ്പോൾ പകൽ താപനില. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് കനത്ത റുതൂബ (ഹ്യുമിഡിറ്റി) ആണ് അനുഭവപ്പെട്ടത്. കുറച്ചുനേരം പുറത്തുനിന്നാൽ തന്നെ വിയർത്ത് കുളിക്കും. ലോകത്തിലെ ഏറ്റവും ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ കുവൈത്തിൽ പകലിൽ വെയിൽ കൊണ്ട് അൽപദൂരം നടന്നാൽ വാടിത്തളരും. ഇതു കണക്കിലെടുത്താണ് ഉച്ചക്ക് 11 മുതൽ വൈകീട്ട് നാലുവരെ തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്നത് വിലക്കാറുള്ളത്. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണ് പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്.
ഇൗ കാലാവധി കഴിഞ്ഞതോടെ നിർമാണത്തൊഴിൽ അടക്കം മേഖലകളിൽ കനത്ത വെയിലിൽ ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാണ്. തുച്ഛമായ ശമ്പളത്തിനാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലെടുക്കുന്നത്. നട്ടുച്ച വെയിലിൽ വാടിത്തളർന്നുള്ള ഡെലിവറി ജീവനക്കാരുടെ ഒാട്ടപ്പാച്ചിൽ പതിവുകാഴ്ചയാണ്.
തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മൂന്നുമാസം മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും ദ്രാവക രൂപത്തിലുള്ള പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഉച്ചജോലി വിലക്ക് നിലവിലുള്ളപ്പോൾ മാത്രമല്ല ഇൗ നിർദേശം പാലിക്കേണ്ടത്. അതിനിടെ ശനിയാഴ്ച മുതൽ താപനില കുറഞ്ഞുവരുമെന്ന കാലാവസ്ഥ വകുപ്പിെൻറ പ്രവചനം ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.