വനിതാവേദി കുവൈത്ത് പ്രവർത്തനവർഷ ഉദ്ഘാടനവും വെബിനാറും
text_fieldsകുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് 21ാം പ്രവർത്തനവർഷ ഉദ്ഘാടനവും 'ഇന്ത്യൻ സ്ത്രീത്വം ഏഴര പതിറ്റാണ്ടിൽ' വിഷയത്തിൽ വെബിനാറും സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷത്തിെൻറയും ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷത്തിെൻറയും ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
കുവൈത്ത് സമൂഹത്തിലെ വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നവര്‍ എന്ന നിലക്കും കുട്ടികളുടെ ഭാവി വാർത്തെടുക്കുന്ന അമ്മമാരെന്ന നിലയിലും പ്രവർത്തിക്കുന്ന വനിതകളെ ഒരുമിച്ചുചേർത്ത് കലാ, സാഹിത്യ, ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതാവേദി കുവൈത്തിെൻറ പ്രവർത്തനവർഷ ഉദ്ഘാടനം അഭിമാനത്തോടെയാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ.ജി. ഒലീന ടീച്ചർ 'സ്ത്രീസ്വാതന്ത്ര്യം ഏഴര പതിറ്റാണ്ടിൽ എത്തുമ്പോൾ' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി ജോയൻറ് സെക്രട്ടറി പ്രസീത ജിതിൻ പ്രബന്ധം അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ എന്നിവർ സംസാരിച്ചു.
വിവിധ യൂനിറ്റുകളുടെ കലാപരിപാടികൾ അരങ്ങേറി. പ്രസിഡൻറ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ അഞ്ജന സജി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് അമീന അജ്നാസ് ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.