കുവൈത്ത് അമീറിന് അഭിനന്ദനം അറിയിച്ച് ലോകം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് 17ാമത് അമീറായി ചുമതലയേറ്റ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് വിവിധ മേഖലകളിലുള്ളവർ അഭിനന്ദങ്ങൾ നേർന്നു. അമീറിന് ആശംസകളും അഭിനന്ദനങ്ങളും നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പിട്ടു. പുതിയ അമീറിന് കീഴിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹം വരും കാലങ്ങളിലും അഭിവൃദ്ധി പ്രാപിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
സ്ഥാനാരോഹണത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും കുവൈത്ത് അമീറിന് ആശംസകൾ നേർന്നു. ആശംസ സന്ദേശത്തിൽ യു.എ.ഇ പ്രസിഡന്റ് കുവൈത്ത് അമീറിന് നല്ല ആരോഗ്യവും എല്ലാ വിജയവും നേർന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും അഭിനന്ദനങ്ങൾ അറിയിച്ചു. പോർചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയും കുവൈത്ത് അമീറിനെ അഭിനന്ദിച്ചു. അമീറിന് നല്ല ആരോഗ്യവും നേർന്നു. കുവൈത്തിനെ കൂടുതൽ സമൃദ്ധവും ഫലപ്രദവുമായ ഭാവിയിലേക്ക് നയിക്കുന്നതിൽ അമീറിന് കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് അദ്ദേഹം സന്ദേശത്തിൽ ആശംസിച്ചു.
ഫലസ്തീൻ പ്രസിഡന്റും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ചെയർമാനുമായ മഹമൂദ് അബ്ബാസിന്റെ അഭിനന്ദന സന്ദേശവും അമീറിന് ലഭിച്ചു. അമീറിന് ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ച ഫലസ്തീൻ പ്രസിഡന്റ് കൂടുതൽ വിജയവും നല്ല ആരോഗ്യവും നേർന്നു.
അധികാരമേറ്റതിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനും കുവൈത്ത് അമീറിന് സന്ദേശം അയച്ചു. അമീറിന് നല്ല ആരോഗ്യവും കുവൈത്തിനെ സമ്പന്നവും ഫലപ്രദവുമായ ഭാവിയിലേക്ക് നയിക്കുന്നതിൽ കൂടുതൽ വിജയവും ബംഗ്ലാദേശ് പ്രസിഡന്റ് നേർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും സൂചിപ്പിച്ചു.
സ്ഥാനാരോഹണ വേളയിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമനിൽനിന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദന സന്ദേശം അയച്ചു. അമീറിന് നിത്യാരോഗ്യം ആശംസിച്ച മൊറോക്കൻ രാജാവ് എല്ലാ ഉദ്യമങ്ങളിൽ വിജയിക്കട്ടെയെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ സഹകരണം വർധിപ്പിക്കാനുള്ള വ്യഗ്രതയുണ്ടെന്നും അറിയിച്ചു. അഭിനന്ദനം അറിയിച്ചു തജ്കിസ്താൻ പ്രസിഡന്റ് ഇമോമാലി റഹ്മോനിൽ നിന്നുള്ള സന്ദേശവും അമീറിന് ലഭിച്ചു.
ഈജിപ്തിലെ അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാം ഡോ.അഹമ്മദ് അൽ തയീബും ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ചു. അഭിനന്ദനങ്ങൾക്കും ആശംസകൾക്കും ഹൃദയംഗമമായ വികാരങ്ങൾക്കും അമീർ എല്ലാവർക്കും നന്ദി അറിയിച്ചു.
എക്സിബിഷനുകൾ പുനരാരംഭിക്കും
കുവൈത്ത് സിറ്റി: മുന്‍ അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 20ാമത് അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന് പുനരാരംഭിക്കുമെന്ന് കുവൈത്ത് ഇന്റർനാഷനൽ ഫെയർ കമ്പനി മാർക്കറ്റിങ് ഡയറക്ടര്‍ ബസ്മ അൽ ദാഹിം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം സ്വര്‍ണ-വജ്ര കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ മികച്ച ആഭരണങ്ങള്‍ വാങ്ങാനും ആസ്വദിക്കാനും എക്സ്പോയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈമാസം 13 മുതൽ 18 വരെ മിഷ്റഫ് കുവൈത്ത് ഇന്റർനാഷനൽ ഫെയർസ് ഗ്രൗണ്ടിലാണ് ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന് നിശ്ചയിച്ചിരുന്നത്. ഇത് നടന്നുവരുന്നതിനിടെ അമീർ അന്തരിച്ചതിനാൽ നിർത്തിവെക്കുകയായിരുന്നു. ജെംസ് ആൻഡ് ജ്വല്ലറി മേഖലയിൽ നിന്നുള്ള 30 പ്രശസ്ത ഇന്ത്യൻ കമ്പനികൾ ഈ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. നിർത്തിവെച്ച അഞ്ചാമത് ഹജ്ജ് ഉംറ എക്സിബിഷനും പുനരാരംഭിക്കുമെന്ന് അൽ ദാഹിം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.