ഫുട്ബാൾ ലോക മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ...
text_fieldsഖത്തർ ലോകകപ്പ് 2022ന് തിരശ്ശീല വീഴുമ്പോൾ ലോകം ഒന്നടങ്കം വാഴ്ത്തുന്നത് ഖത്തർ എന്ന കൊച്ചു രാജ്യത്തെയും, ആ രാജ്യത്തെ ലോകകപ്പിന് പ്രാപ്യമാക്കിക്കൊടുത്ത അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയുമായിരിക്കും.2017ൽ ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ കാലഘട്ടത്തിലും അതിലൊന്നും ശ്രദ്ധിക്കാതെ ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ രാജ്യം അശ്രാന്ത പരിശ്രമത്തിലായിരുന്നു. ഏഴു സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തർ നിർമിച്ചത്. ഖത്തറിന്റെ സംസ്കാരവും ചരിത്രവും അറേബ്യൻ കരകൗശല വിദ്യയും പ്രതിഫലിപ്പിക്കുന്നതായി അവ. വിശ്വ ഫുട്ബാൾ മാമാങ്കത്തിനിടയിലും പൂർണമായും അറേബ്യൻ സാംസ്കാരികത്തനിമ നിലനിർത്താനും ഖത്തറിനായി.
വിമാനമാർഗം വരുന്ന കളിയാസ്വാദകരെ സ്വീകരിക്കാനും വഴികാണിക്കാനും വലിയൊരു വളന്റിയർ വിങ് എയർപോർട്ടിൽ സജീവമായി. ടെലിഫോൺ കമ്പനികൾ സൗജന്യമായി സിം കാർഡ് നൽകി. മെട്രോ സ്റ്റേഷന് തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിലേക്ക് സൗജന്യ ബസ് സർവിസ്. ബസ് സ്റ്റാൻഡിനു തൊട്ടടുത്തും വിശ്രമിക്കാനുള്ള ടെന്റ് സൗകര്യം. അവിടെ നിന്നും സൗജന്യമായി മെട്രോ മാർഗം സ്റ്റേഡിയങ്ങളിലേക്കോ താമസസ്ഥലത്തേക്കോ യാത്രചെയ്യാം.
ലക്ഷക്കണക്കിന് കായിക പ്രേമികൾ അതിഥികളായി എത്തിയിട്ടും ബസ് സ്റ്റാൻഡിലോ മെട്രോ സ്റ്റേഷനുകളിലോ തെരുവുകളിലോ റോഡുകളിലോ അമിതമായ തിരക്ക് അനുഭവപ്പെട്ടില്ല. സ്റ്റേഡിയത്തിൽ അനാവശ്യ ബഹളങ്ങളില്ല. മാച്ച് ടിക്കറ്റ് ലഭിക്കാത്തവർക്ക് കളി ആസ്വദിക്കാൻ നിരവധി ഫാൻ സോണുകളും ഓപൺ സ്ക്രീനുകളും സജ്ജമാക്കി. കളിയിടവേളകളിൽ സന്ദർശിക്കാനുള്ള നിരവധി സ്പോട്ടുകളാണ് ഖത്തർ ഒരുക്കിയത്. ഇതിൽ കതാറ കൾചറൽ വില്ലേജും ഉംസ്ലാൽ അലിയിലെ ദർബ് അൽ സായ് യും എടുത്തുപറയേണ്ടവയാണ്.
ഏറ്റവുമധികം ഇന്ത്യക്കാരും മലയാളികളും കൂടി ഭാഗമായ ലോകകപ്പിനാണ് കൊടിയിറങ്ങുന്നത്. കൽപാന്തമോളം കാത്തു വെക്കാൻ ഒരു കാൽപന്തുകാലം സമ്മാനിച്ച ഖത്തറിനും അതിന്റെ ഭരണാധികാരിക്കും ഹൃദയത്തിൽനിന്ന് ഒരായിരം നന്ദി. മോർഗനും മുഫ്തയും ഉരുട്ടിയ മാനവികതയുടെ പന്തുരുളട്ടെ ജനഹൃദയങ്ങളിൽ ഇനിയുമിനിയും.
ഫൈനൽ മത്സരത്തിനു ശേഷമുള്ള ചിരി ലയണൽ മെസ്സിയുടെ അർജന്റീനയുടേതായാലും കിലിയൻ എംബാപെയുടെ ഫ്രാൻസിന്റേതായാലും ഫുട്ബാൾ ലോകത്ത് ഖത്തർ എന്ന രാജ്യവും അതിന്റെ അമീറും ഉണ്ടാവുമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.