ലോകകപ്പ്; അറബ് ടീമുകളുടെ പ്രകടനത്തിന് കൈയടി
text_fieldsകുവൈത്ത് സിറ്റി: ഖത്തർ ലോകകപ്പിൽ അറബ് ടീമുകൾ ഉജ്ജ്വലവും മികച്ചതുമായ പ്രകടനം പുറത്തെടുത്തതായി കുവൈത്ത് കായിക പരിശീലകരും വിദഗ്ധരും. മൊറോക്കോയുടെ പ്രകടനം ഏവരും എടുത്തുപറഞ്ഞു. സൗദിയും തുനീഷ്യയും അവസാന നിമിഷംവരെ പോരാടിയാണ് മടങ്ങിയത്. ഖത്തറിൽ ചാമ്പ്യൻഷിപ് നടത്തിയത് മികച്ച പ്രകടനത്തിന് കാരണമായി. അറബ് ടീമുകൾക്കുള്ള പ്രേക്ഷകരുടെ പിന്തുണക്ക് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.
ക്രൊയേഷ്യ, ബെൽജിയം എന്നീ കരുത്തരായ ടീമുകൾക്കിടയിൽ മൊറോക്കോ ആദ്യ റൗണ്ടിൽ അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പിൽ മുന്നിലെത്താനും ഇതോടെ മൊറോക്കോക്ക് കഴിഞ്ഞതായി സുലൈബിഖാത്തിന്റെ പരിശീലകൻ മാലിക് അൽ ഖല്ലാഫ് പറഞ്ഞു. വർഷങ്ങളായി യൂറോപ്യൻ ടൂർണമെന്റുകൾക്കായി കളിക്കുന്ന മൊറോക്കോക്കാരുടെ അനുഭവം ദേശീയ ടീമിന് ഗുണം ചെയ്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി ടീം മികച്ച പ്രകടനം പുറത്തെടുത്തതായും വൈദഗ്ധ്യവും ടീം സ്പിരിറ്റും കളിക്കാർ നിലനിർത്തിയതായും അൽ ഖല്ലാഫ് സൂചിപ്പിച്ചു.
എന്നാൽ, പോളണ്ടിനെതിരായ തോൽവി പ്രതികൂലമായി. ശക്തമായ ഗ്രൂപ്പുകൾക്കിടയിലും നാല് അറബ് ടീമുകളും പ്രതീക്ഷകൾക്കപ്പുറമുള്ള കളി പുറത്തെടുത്തതായി അൽ നാസർ ക്ലബ് സാങ്കേതിക ഡയറക്ടർ സഹെർ അൽ അദ്വാനി പറഞ്ഞു. അറബ് ടീമുകളും യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും എതിരാളികളും തമ്മിലുള്ള സാങ്കേതികവ്യത്യാസങ്ങൾ കുറയാൻതുടങ്ങിയെന്ന് ടൂർണമെന്റ് തെളിയിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.
അർജന്റീനക്കെതിരായ ആദ്യമത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ സൗദി മികച്ചനിലവാരം പുലർത്തിയതായും അദ്ദേഹം പറഞ്ഞു. പ്രഫഷനൽ കളിക്കാരുടെ സാന്നിധ്യം മൊറോക്കോക്ക് ഗുണകരമായതായി കുവൈത്ത് ദേശീയ പരിശീലകനായ അബ്ദുൽ അസീസ് ഹമാദ് പറഞ്ഞു. ബാഹ്യ സാഹചര്യങ്ങൾമൂലമുള്ള അസ്ഥിരതയാണ് സൗദിക്ക് വലിയ അവസരം നഷ്ടമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.