ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത മത്സരം; കുവൈത്ത് പൊരുതി പക്ഷേ, വീണ്ടും തോൽവി
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിന് വീണ്ടും കാലിടറി. ചൊവ്വാഴ്ച രാത്രി ഫർവാനിയയിൽ നടന്ന മത്സരത്തിൽ 2-1നായിരുന്നു ഖത്തറിന്റെ ജയം. ഖത്തറിനോട് വീണ്ടും തോൽവി രുചിച്ചതോടെ കുവൈത്തിന്റെ ഭാവിയും നിർണായകമായി. മാർച്ച് 21ന് ദോഹയിൽ നടന്ന മത്സരം തോറ്റതിനു സ്വന്തം ഗ്രൗണ്ടിൽ മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ് കുവൈത്ത് ചൊവ്വാഴ്ച ഫർവാനിയ അലി സബാഹ് അൽ സാലിം സ്റ്റേഡിയത്തിൽ കളത്തിലിറങ്ങിയത്.
സൗജന്യ പ്രവേശനം ഒരുക്കിയ സ്റ്റേഡിയത്തിൽ കുവൈത്ത് ആരാധകർ ഒഴുകിയെത്തി. ഗാലറിയുടെ പിന്തുണയിൽ ഖത്തർ ആക്രമണത്തെ ചെറുത്ത കുവൈത്ത് ഇടക്കിടെ പ്രത്യാക്രമണവും അഴിച്ചുവിട്ടു. എന്നാൽ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ നാലു മിനിറ്റിനുള്ളിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ നേടി കളിയെ ആവേശമാക്കി. 77, 80 മിനിറ്റിൽ ഖത്തറിന്റെ സൂപ്പർതാരം അൽ മുഈസ് അലി സ്കോർ ചെയ്തപ്പോൾ, 79ാം മിനിറ്റിൽ മുഹമ്മദ് ദഹം കുവൈത്തിനായി സ്കോർ ചെയ്തു. ദീർഘനേരം പിടിച്ചുനിന്ന ശേഷം, ആദ്യ ഗോൾ വഴങ്ങിയതിന് അടുത്ത മിനിറ്റിൽതന്നെ കുവൈത്ത് മറുപടി നൽകി. കോർണറിൽനിന്നെത്തിയ ക്രോസ് ഹെഡറിലൂടെ ദഹം വലയിലെത്തിച്ചു. രണ്ടു മിനിറ്റിനുള്ളിൽ ജാസിം ജാബിറിന്റെ ലോങ് ക്രോസ് ഗോളാക്കി അൽമുഈസ് ഖത്തറിന്റെ വിജയമൊരുക്കി. ഖത്തറിനോടു വീണ്ടും തോറ്റതോടെ കുവൈത്ത് അഫ്ഗാനിസ്താനും ഇന്ത്യയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നാലാം സ്ഥാനത്തായി.
ഇതോടെ വരും മത്സരങ്ങളും കുവൈത്തിന് നിർണായകമായി. ജൂൺ ആറിന് ഇന്ത്യയുമായും 11ന് അഫ്ഗാനിസ്താനുമായാണ് കുവൈത്തിന്റെ മത്സരങ്ങൾ. ഇവ രണ്ടും ജയിച്ചാലേ ലോകകപ്പ് യോഗ്യതക്കായുള്ള മൂന്നാം റൗണ്ടിലേക്കും ഏഷ്യൻ കപ്പിനും കുവൈത്തിന് യോഗ്യത നേടാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.