ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത: ഇന്ത്യ-കുവൈത്ത് മത്സര ടിക്കറ്റ് വിൽപന തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: വ്യാഴാഴ്ച കുവൈത്തിൽ നടക്കുന്ന ഇന്ത്യ-കുവൈത്ത് ലോകകപ്പ്, ഏഷ്യൻ കപ്പ് ഫുട്ബാൾ പ്രിലിമിനറി ക്വാളിഫയർ മത്സരത്തിന്റെ ടിക്കറ്റ് വിൽപന തുടങ്ങി. https://tickets.stadjaber.com/awcq/57?culture=en ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മൂന്നു ദീനാറിന് സ്റ്റേഡിയം ടിക്കറ്റും അഞ്ചു ദീനാറിന് പ്രീമിയം ടിക്കറ്റും സ്വന്തമാക്കാം. വ്യാഴാഴ്ച രാത്രി ഏഴിന് ജാബിർ അൽ അഹ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
2026 ലോകകപ്പ് ഫുട്ബാൾ, 2027 ഏഷ്യൻ കപ്പ് എന്നിവയുടെ പ്രിലിമിനറി ക്വാളിഫയർ മത്സരത്തിനാണ് വ്യാഴാഴ്ച കുവൈത്ത് സാക്ഷിയാകുക. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ് ‘എ’യിലെ ഇന്ത്യ-കുവൈത്ത് ആദ്യ മത്സരവും കുവൈത്തിന്റെ ഹോം മാച്ചുമാണ് വ്യാഴാഴ്ച. ഖത്തർ, അഫ്ഗാനിസ്താൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ മാറ്റുരക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും.
മത്സരത്തിനായി കുവൈത്ത് ഫുട്ബാൾ ടീം ഒരുക്കം ആരംഭിച്ചിട്ടുണ്ട്. ടീമിന്റെ പരിശീലനം ഫ്രൻഡ്ഷിപ് ആൻഡ് പീസ് സ്റ്റേഡിയത്തിൽ നടന്നുവരുകയാണ്. മത്സരത്തിന് ദിവസങ്ങൾ ശേഷിക്കേ കഠിന പരിശീലനത്തിലാണ് കുവൈത്ത് ടീം.
ഇന്ത്യ ശക്തമായ ടീമാണെങ്കിലും ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മേൽക്കൈ നേടാനാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. അടുത്തിടെ ബംഗളൂരുവിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ആദ്യ കളിയിൽ ഇന്ത്യയെ സമനിലയിൽ തളക്കുകയും ഫൈനലിൽ സഡൻഡെത്ത് വരെ പിടിച്ചുനിൽക്കുകയും ചെയ്തത് കുവൈത്തിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. റൂയി പിന്റോയാണ് കോച്ച്. ടീം ക്യാപ്റ്റൻ ഫഹദ് അൽ ഹജേരി. ദുബൈയിൽ പരിശീലനത്തിലുള്ള ഇന്ത്യൻ ടീം അടുത്ത ദിവസം കുവൈത്തിൽ എത്തും.
കുവൈത്ത് ടീം പരിശീലനത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.