ലോകകപ്പ് യോഗ്യത: മനോഹര തിരിച്ചുവരവ്; വരും കളികൾ പ്രധാനം
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ കുവൈത്തിന്റെ തിരിച്ചുവരവ്. ആദ്യ മത്സരത്തിൽ സ്വന്തം നാട്ടിൽ ഇന്ത്യയോട് ഒരു ഗോളിന് തോറ്റ കുവൈത്ത് രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തറപറ്റിച്ചത്. സൗദി അറേബ്യയിലെ അബ്ദുല്ല അൽ ദാബിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സമ്പൂർണ മേധാവിത്വം നിലനിർത്താനും കുവൈത്ത് ടീമിനായി. ആദ്യ മത്സരത്തിൽനിന്ന് വിഭിന്നമായി കൂടുതൽ ഒത്തിണക്കവും മുന്നേറ്റങ്ങളും കുവൈത്ത് താരങ്ങളിൽ പ്രകടമായിരുന്നു.
ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെ ലഭിച്ച ഒറ്റ ഗോൾ മാത്രം ലീഡുണ്ടായിരുന്ന കുവൈത്ത് രണ്ടാം പകുതിയിൽ ആഞ്ഞടിച്ചു. തുടരെ മൂന്നു ഗോളുകൾ അഫ്ഗാൻ വലയിലെത്തിച്ച് കളിയിൽ സമ്പൂർണ ആധിപത്യം നേടുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച സ്ട്രൈക്കർ ഷബീബ് അൽ ഖാലിദിയാണ് കളിയിലെ താരം. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഗ്രൂപ് എയിൽ ഖത്തറിനു പിറകിൽ കുവൈത്ത് രണ്ടാം സ്ഥാനത്തേക്കു കയറി. ചൊവ്വാഴ്ച ഇന്ത്യ ഖത്തറിനോട് തോറ്റതാണ് കുവൈത്തിന് അനുഗ്രഹമായത്. നിലവിൽ ഓരോ കളികൾ ജയിക്കുകയും തോൽക്കുകയും ചെയ്ത ഇന്ത്യക്കും കുവൈത്തിനും മൂന്നു പോയൻറാണുള്ളത്. ഗോൾ ശരാശരിയിൽ കുവൈത്ത് മുന്നിലെത്തുകയായിരുന്നു. രണ്ടു കളികളും തോറ്റ അഫ്ഗാനിസ്താൻ നാലാം സ്ഥാനത്താണ്. അതേസമയം, മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്. വരും മത്സരങ്ങളിൽ ഖത്തറിനോട് പിടിച്ചുനിൽക്കാനും ഇന്ത്യയെയും അഫ്ഗാനിസ്താനെയും കീഴടക്കാനും കഴിഞ്ഞാൽ കുവൈത്തിന്റെ പ്രതീക്ഷകൾ പൂവണിയും. കഴിഞ്ഞ ലോകകപ്പ് ആതിഥേയരും നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ ശക്തമായ ടീമാണ്. ഖത്തറുമായി വിജയം കുവൈത്തിന് പ്രയാസകരമായിരിക്കും. ഇന്ത്യയുമായുള്ള അടുത്ത മത്സരം ഇന്ത്യയിലാണ് നടക്കുക എന്നതിനാൽ നിർണായകമാണ്. ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യകപ്പ് പ്രവേശനവും ലഭിക്കുക.
കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ
അടുത്ത വർഷം മാർച്ചിലാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ. മാർച്ച് 21ന് ഖത്തറും കുവൈത്തും ഖത്തറിൽ ഏറ്റുമുട്ടും. മാർച്ച് 26ന് ഖത്തറുമായി കുവൈത്തിൽ മത്സരം നടക്കും. ജൂൺ ആറിന് ഇന്ത്യയുമായി എവേ മത്സരത്തിൽ കുവൈത്ത് കളത്തിലിറങ്ങും. ജൂൺ 11ന് അവസാന മത്സരത്തിൽ കുവൈത്തിൽ അഫ്ഗാനിസ്താനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.