ലോകകപ്പ് ഫുട്ബാൾ യോഗ്യത: ആദ്യ വിജയം തേടി കുവൈത്ത് ഇന്ന് ഒമാനെതിരെ
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിന്റെ മൂന്നാം അങ്കത്തിൽ കുവൈത്ത് വ്യാഴാഴ്ച ഒമാനെ നേരിടും. ആദ്യ രണ്ടു മത്സരങ്ങളിൽ സമനിലയിൽ പിരിഞ്ഞ കുവൈത്ത് വിജയം ലക്ഷ്യമിട്ടാണ് ഒമാനെതിരെ കളത്തിലിറങ്ങുന്നത്.
ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ ഒമാൻ സമയം രാത്രി എട്ടിനാണ് കിക്കോഫ്. ജോർഡൻ, ഇറാഖ് ടീമുകളെ സമനിലയിൽ പിടിച്ചു നിർത്തിയ കുവൈത്തിന് ആത്മവിശ്വാസം കൈമുതലായുണ്ട്.
എന്നാൽ ഗ്രൂപ്പിൽ മുന്നോട്ടുപോകാൻ വിജയം അനിവാര്യമാണ്. മസ്കത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനെതിരെ മേധാവിത്വം നിലനിർത്താനാകുമെന്നാണ് കുവൈത്തിന്റെ പ്രതീക്ഷ. ദുബൈയിൽ കഠിന പരിശീലനത്തിന് ശേഷമാണ് കുവൈത്ത് ഒമാനിലെത്തിയത്.
എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിൽ ഇറാഖിനോടും, ദക്ഷിണ കൊറിയയോടും തോറ്റ ഒമാനും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, കുവൈത്ത്, ഒമാൻ, ഫലസ്തീൻ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിലവിൽ നാലു പോയിന്റുകൾ വീതമുള്ള ജോർഡൻ, ദക്ഷിണ കൊറിയ, ഇറാഖ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
രണ്ടു സമനിലകളിൽ നിന്നായി രണ്ടു പോയിന്റുകളുള്ള കുവൈത്ത് നാലാം സ്ഥാനത്തും ഫലസ്തീൻ അഞ്ചാമതും ഒമാൻ ആറാമതുമാണ്. ഹോം ആൻഡ് എവേ എന്നിങ്ങനെ മൊത്തം 10 മത്സരങ്ങൾ നടക്കുന്ന ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
15ന് ഫലസ്തീനുമായാണ് കുവൈത്തിന്റെ അടുത്ത മത്സരം. നവംബർ 14ന് ദക്ഷിണ കൊറിയയെ നേരിടും. ഇതോടെ കുവൈത്തിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിക്കും. തുടർന്ന് ഗ്രൂപ്പിലെ മുഴുവൻ ടീമുകളുമായി രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.