ലോകകപ്പ് യോഗ്യത മത്സരം; കുവൈത്തിന് വീണ്ടും സമനില
text_fieldsലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ കുവൈത്ത്-ഇറാഖ് പോരാട്ടത്തിൽനിന്ന്
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യതാ ഫുട്ബാൾ മത്സരത്തിൽ കുവൈത്തിന് വീണ്ടും സമനില. കഴിഞ്ഞ ദിവസം ബസറയിൽ നടന്ന മത്സരത്തിൽ ഇറാഖുമായി കുവൈത്ത് 2-2 സമനിലയിൽ പിരിഞ്ഞു.
രണ്ടു ഗോൾ നേടി വിജയത്തിലേക്ക് നീങ്ങിയ കുവൈത്തിനെ അവസാന നിമിഷം ഞെട്ടിച്ചാണ് ഇറാഖ് സമനില നേടിയെടുത്തത്. ഇറാഖിലെ ബസറ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉജ്ജ്വല പ്രകടമാണ് കുവൈത്ത് പുറത്തെടുത്തത്.
39,70 മിനുറ്റുകളിലായി യൂസുഫ് നാസർ ഇരട്ട ഗോളുകൾ നേടി കുവൈത്തിനെ മുന്നിലെത്തിച്ചു. മത്സരം അവസാനിക്കാനിരിക്കെ കുവൈത്തിനെ ഞെട്ടിച്ച് ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റിൽ (90+3) അകം ഹാഷിം ഇറാഖിനായി ആദ്യഗോൾ നേടി.
ഇതിന്റെ ഞെട്ടലിൽനിന്ന് മുക്തമാകുന്നതിനുമുമ്പേ ഇബ്രാഹിം ബയേഷിലൂടെ (90+11) രണ്ടാം ഗോളും നേടി ഇറാഖ് സമനില പിടിച്ചു.ഇതോടെ കുവൈത്തിന് വിലപ്പെട്ട രണ്ടു പോയന്റ് നഷടപ്പെട്ടു. മൂന്നു മത്സരങ്ങൾ ശേഷിക്കേ കുവൈത്തിന് നിലവിൽ അഞ്ചുപോയന്റാണുള്ളത്.
ദക്ഷിണ കൊറിയ (15), ജോർഡൻ (12), ഇറാഖ് (12), ഒമാൻ (7),കുവൈത്ത് (5), ഫലസ്തീൻ (3) എന്നിങ്ങനെയാണ് കുവൈത്ത് ഉൾപ്പെട്ട ബി ഗ്രൂപ്പിലെ പോയന്റു നില. ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽവരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
ഇതിനാൽ കുവൈത്തിന് വരുന്ന മത്സരങ്ങൾ നിർണായകമാണ്. ഈ മാസം 25ന് ജാബിർ സ്റ്റേഡിയത്തിൽ ഒമാനെതിരെയാണ് കുവൈത്തിന്റെ അടുത്ത മൽസരം. ജൂൺ അഞ്ചിന് ഫലസ്തീൻ, 10ന് ദക്ഷിണ കൊറിയ എന്നിവയാണ് അടുത്ത എതിരാളികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.