ലോകകപ്പ്: കുവൈത്തിൽനിന്ന് ഖത്തറിലേക്ക് ഷട്ടിൽ സർവിസ്
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പറക്കാൻ പ്രത്യേക സർവിസുമായി വിമാന കമ്പനികൾ. കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന നിരവധി എയർലൈനുകൾ ലോകകപ്പ് മത്സരങ്ങൾക്കുള്ള ഷട്ടിൽ ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ അവതരിപ്പിച്ചു.ആരാധകർക്ക് ഇഷ്ട മത്സരങ്ങൾക്ക് തൊട്ടുമുമ്പേ ഖത്തറിൽ എത്താനും മത്സരം കഴിഞ്ഞ് അതേ ദിവസം മടങ്ങാനും കഴിയുന്ന തരത്തിലാണ് വിവിധ ഷെഡ്യൂൾ.
നവംബർ 21ന് ആരാധകരുമായുള്ള ആദ്യ വിമാനം ഖത്തറിലേക്ക് പറക്കും. ഡിസംബർ 18 വരെ പ്രത്യേക സർവിസ് തുടരും. മത്സരം തുടങ്ങുന്നതിന് നാലു മണിക്കൂർ മുമ്പ് വിമാനങ്ങൾ ഖത്തറിലെത്തും. കളി അവസാനിച്ച് നാലു മണിക്കൂറിനുശേഷം തിരികെ പറക്കും. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് പോകുന്നവർക്ക് 130-150 ദീനാർ ചെലവ് കണക്കാക്കുന്നതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ്, ഹയ്യാ കാർഡ് എന്നിവ ഈ പാക്കേജിൽ ഉൾപ്പെടും. ഏഴു കിലോ ഭാരമുള്ള ഹാൻഡ്ബാഗും യാത്രക്കാർക്ക് കൂടെ കൊണ്ടുപോകാം.
മിഡിലീസ്റ്റിലെ ഫുട്ബാൾ ആരാധകർക്ക് കളി കാണാൻ വലിയ അവസരമാണ് ഖത്തർ ലോകകപ്പ് തുറക്കുന്നത്.രാജ്യത്തുനിന്ന് ഒട്ടേറെ പേർ കളി കാണാൻ ഖത്തറിലേക്ക് തിരിക്കുന്നുണ്ട്. മലയാളികൾ അടക്കമുള്ള പ്രവാസികളും ഇതിൽപെടും. പ്രത്യേക വിമാനങ്ങൾ ഇവർക്കെല്ലാം വലിയ ഗുണം ചെയ്യും.കൂടുതൽ ദിവസം അവധിയെടുക്കാതെ ഒറ്റ ദിവസംകൊണ്ട് കളി കണ്ടുമടങ്ങാം എന്നത് വിവിധ തൊഴിൽ ചെയ്യുന്നവർക്കും സൗകര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.