വിവിധ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി; അമീറിന് സൗദിയിൽ ഊഷ്മള സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: റിയാദ് ആതിഥേയത്വം വഹിക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഔദ്യോഗിക പ്രതിനിധി സംഘവും സൗദി അറേബ്യയിലെത്തി. റിയാദ് റീജ്യൻ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് സബാഹ് നാസർ അസ്സബാഹ് എന്നിവർ അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അൻവർ അലി അൽ മുദാഫ്, വിദേശകാര്യ മന്ത്രി അലി അൽ യഹ്യ, അമീരി ദിവാനിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പ്രതിനിധി സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്.
ലോക സാമ്പത്തിക ഫോറത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ അമീർ നയിക്കും. ‘ആഗോള സഹകരണം, വളർച്ച, വികസനത്തിനുള്ള ഊർജം’എന്ന പ്രമേയത്തിലാണ് ഫോറം. വിവിധ രാഷ്ട്രത്തലവന്മാർ, സർക്കാർ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാറിതര സംഘടനകൾ എന്നിവ അടക്കം വിവിധ മേഖലകളിൽ നിന്നുള്ള 1000ത്തിലധികം പേരുടെ പങ്കാളിത്തം ഫോറത്തിലുണ്ട്. സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധത്തിന്റെ ആഴവും അവ വികസിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ ഏകീകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും വിലയിരുത്തി. പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമായും അമീർ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.