കോവിഡ് പ്രതിരോധ പ്രവർത്തനം;കുവൈത്തിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
text_fieldsകുവൈത്ത് സിറ്റി: കൊറോണ വൈറസിനെ (കോവിഡ്-19) നേരിടുന്നതിലും ഉൾക്കൊള്ളുന്നതിലും കുവൈത്ത് സ്വീകരിച്ച നടപടിക്രമങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കുവൈത്ത് എല്ലാ ജോലിക്കാരെയും പരിശോധിക്കുന്നതിനൊപ്പം ബിസിനസ് സംബന്ധമായ പ്രവർത്തനങ്ങൾ നിർത്തിവെച്ചതും ഗുണം ചെയ്തതായും സൂചിപ്പിച്ചു. ഈജിപ്തിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. നൈമ അൽ ഖസീർ, അബൂദബിയിൽ നടക്കുന്ന 34ാമത് അന്താരാഷ്ട്ര നഴ്സിങ് ഗവേഷണ സമ്മേളനത്തോടനുബന്ധിച്ചാണ് പ്രസ്താവന നടത്തിയത്.
അടിയന്തര പദ്ധതികൾ ആരംഭിക്കലും നടപ്പാക്കലും പൗരന്മാരെ അറിയിക്കൽ, മുൻകരുതൽ നിർദേശങ്ങൾ നൽകൽ, കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രതിരോധ മാർഗവും അവലംബിക്കൽ എന്നിവയിൽ കുവൈത്ത് ജാഗ്രത പുലർത്തി. സാമ്പത്തിക സംഭാവനകളിൽ കുവൈത്തിന്റെ വലിയ പങ്കിനെയും അവർ അഭിനന്ദിച്ചു. പല രാജ്യങ്ങളിലെയും ആരോഗ്യ സംബന്ധമായ കേസുകൾക്ക് കുവൈത്തിന്റെ സഹായം ലഭിച്ചു. ആരോഗ്യ പ്രവർത്തന പദ്ധതികൾക്കായി 288 മില്യൺ ഡോളർ വായ്പയും അനുവദിച്ചു.
മധ്യ, പടിഞ്ഞാറൻ ഏഷ്യയിലെ അന്താരാഷ്ട്ര ചാർട്ടറുകളിലെ ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകാനുള്ള യു.എൻ നിർദേശത്തോടുള്ള കുവൈത്തിന്റെ അനുകൂല പ്രതികരണവും അവർ പരാമർശിച്ചു. നഴ്സിങ് ജീവനക്കാരെ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ മേഖലയിൽ അവർ വഹിക്കുന്ന നിർണായക പങ്കിനെയും ഡോ. നൈമ അൽ ഖസീർ സൂചിപ്പിച്ചു.
അന്താരാഷ്ട്ര നഴ്സിങ് കോൺഫറൻസ് മഹാമാരികളുമായും അതിന്റെ നടപടിക്രമങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. 800ലധികം ഗവേഷണ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഗവേഷണം, പഠനങ്ങൾ, അനുഭവങ്ങൾ എന്നിവ പങ്കിടുന്നതിലൂടെ ഈ മേഖലയിലെ ആഗോള കമ്യൂണിറ്റികൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.