ലോകാരോഗ്യ സംഘടന കുവൈത്തിൽ ഒാഫിസ് തുറന്നു
text_fieldsകുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ സ്ഥിരം ഒാഫിസ് തുറന്നു. ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഉദ്ഘാടനം ചെയ്തു. 1960ൽ അംഗത്വം നേടി ആറ് പതിറ്റാണ്ട് പിന്നിടുേമ്പാൾ ലോകാരോഗ്യ സംഘടനയുമായി കുവൈത്തിന് ഉറച്ച ബന്ധമാണുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. സ്ഥിരം ഒാഫിസ് തുറന്നത് സഹകരണവും ഏകോപനവും എളുപ്പമാക്കും.
കോവിഡ് പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടനയുടെ വിശ്വസ്ത പങ്കാളിയാണ് കുവൈത്തെന്ന് ഡബ്ല്യൂ.എച്ച്.ഒ ഡയക്ടർ ജനറൽ ഡോ. ടെഡ്രോസ് ആദാനോം ഗെബ്രിയെസുസ് പറഞ്ഞു. ചരിത്രപരമായ ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്താനും കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്പെടാനും കുവൈത്തിലെ പുതിയ ഒാഫിസ് സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇൗസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരി പറഞ്ഞു. മേഖലയിലെ മുഴുവനാളുകൾക്കും ആരോഗ്യ സുരക്ഷയൊരുക്കുകയെന്നത് കുവൈത്തിെൻറയും ലോകാരോഗ്യ സംഘടനയുടെയും പൊതുലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ കുവൈത്തിെൻറ സഹകരണം വ്യക്തമാക്കുന്ന പേജ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ലോകത്തെല്ലായിടത്തും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെയും യമൻ, സിറിയ, ലബനൻ, ആഫ്രിക്ക എന്നിവിടങ്ങളിലെ സംഘർഷ ബാധിതരെയും സഹായിക്കാനുള്ള കുവൈത്തിെൻറ ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഡബ്ല്യൂ.എച്ച്.ഒ വെബ്സൈറ്റിലെ കുവൈത്ത് പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യസുരക്ഷാരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്തുമായി കൈകോർക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തുണ്ട്. സംഘടനയുടെ കോവിഡ് പ്രതിരോധപ്രവർത്തങ്ങൾക്കായി കഴിഞ്ഞ വർഷം കുവൈത്ത് 40 ദശലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.