ലോകനേതാക്കൾ അനുശോചന സന്ദേശം അയച്ചു
text_fieldsകുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ കുവൈത്തിനൊപ്പം ലോകം ആകമാനം അനുശോചനത്തിലാണ്. വിവിധ രാഷ്ട്രത്തലവൻമാർ കുവൈത്തിൽ നേരിട്ടെത്തി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെയും അസ്സബാഹ് രാജകുടുംബത്തെയും ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. നിരവധി പേർ അനുശോചന സന്ദേശങ്ങൾ അയച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്
മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സന്ദേശം അയച്ചു.
കുവൈത്തിന്റെ നവോത്ഥാനത്തിനും പുരോഗതിക്കും പരേതനായ അമീറിന്റെ മികച്ച സംഭാവനകളും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നിരന്തരമായ പരിശ്രമവും ചൈനീസ് പ്രസിഡന്റ് അനുസ്മരിച്ചു.
അനുശോചനത്തിനും ആത്മാർഥമായ വാക്കുകൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഷി ജിൻ പിങ്ങിന് നന്ദി അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ ദുഃഖവും ആത്മാർഥമായ അനുശോചനവും രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സന്ദേശം അയച്ചു.
അന്തരിച്ച അമീറിന്റെ മികച്ച സംഭാവനകളും വിവിധ മേഖലകളിൽ കുവൈത്തിന്റെ പുരോഗതിയും റഷ്യൻ-കുവൈത്ത് സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തിപരമായ ശ്രമങ്ങളും പുടിൻ അനുസ്മരിച്ചു.
അന്തരിച്ച അമീറിന് മിഡിൽ ഈസ്റ്റിൽ മഹത്തായ സ്ഥാനമുണ്ടെന്നും കുവൈത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനും അന്താരാഷ്ട്ര രംഗത്ത് അതിന്റെ സ്ഥാനം ശക്തിപെടുത്തുന്നതിനും അദ്ദേഹം വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ ദുഃഖവും ആത്മാർഥമായ അനുശോചനവും രേഖപ്പെടുത്തി സന്ദേശം അയച്ചു.
ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തിന് നൽകിയ സേവനങ്ങളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ശ്രമങ്ങളെയും ചാൾസ് രാജാവ് തന്റെ സന്ദേശത്തിൽ പ്രശംസിച്ചു.
കൊറിയൻ പ്രസിഡന്റ് യുൻ സൂക് യോൽ
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാടിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സൂക് യോൽ ദുഃഖം രേഖപ്പെടുത്തി.
കുവൈത്തും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിൽ അന്തരിച്ച അമീറിന്റെ സംഭാവനകളെ കൊറിയൻ പ്രസിഡന്റ് തന്റെ സന്ദേശത്തിൽ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് കരുണ ചൊരിയാൻ പ്രാർഥിക്കുകയും ചെയ്തു.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ
കുവൈത്തും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിൽ അന്തരിച്ച അമീറിന്റെ സംഭാവനകളെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അയച്ച സന്ദേശത്തിൽ പ്രശംസിച്ചു. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് വേണ്ടി തുർക്കി പ്രസിഡന്റ് പ്രാർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.