ചിന്തകളെ വികലമാക്കുന്നത് ഒഴിവാക്കുക...
text_fieldsദൃശ്യമാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും പ്രചാരത്തിൽ വരും മുമ്പ് നമ്മുടെ ചിന്തകളെ സ്വാധീനിച്ചിരുന്നത് വായനയായിരുന്നു. പിന്നീട് വായന കുറയുകയോ ഡിജിറ്റലാവുകയോ ചെയ്തു. ഇന്നും വായന ഇഷ്ടപ്പെടുന്നവരുണ്ട്. വായനയായാലും ദൃശ്യ, സമൂഹ മാധ്യമങ്ങൾ ആയാലും അത് നമ്മളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു.
മുമ്പ് പുസ്തകങ്ങളും പത്രങ്ങളും പൊതുവെ മൂല്യബോധം കാത്തുസൂക്ഷിച്ചിരുന്നു. ഉയർന്ന ചിന്താബോധത്തിൽ നിന്നുണ്ടായവയായിരുന്നു പലതും. അല്ലാത്തവ വളരെ ചുരുക്കം. അതിനാൽ നമ്മുടെ ബോധമണ്ഡലങ്ങളെ അവ വിശാലമാക്കി. അത്തരം വായനകൾ നൽകിയ ഉത്തേജനമാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തെയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളെയും ശക്തമാക്കിയത്. ഇന്ന് അവസ്ഥ അതല്ല, എന്തും ആർക്കും പടച്ചുവിടാം. അത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് നമുക്കറിയണ്ട! പലതും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെയധികമാണ്.
പഴയ കാലത്തിൽനിന്നു വ്യത്യസ്തമായി ഓരോരുത്തരുടെ ശബ്ദവും അടയാളപ്പെടുത്താൻ ഇന്ന് കഴിയും. പക്ഷേ, നമ്മളെ എങ്ങനെ സമൂഹത്തിൽ അടയാളപ്പെടുത്തണമെന്നു നാം തീരുമാനിക്കണം. സമൂഹദ്രോഹിയായോ അതോ നമ്മുടെ നന്മകളുടെ പേരിലോ?
നമ്മുടെ സമൂഹമാധ്യമ ഇടപെടലുകൾ, അവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷ എന്നിവയിലെല്ലാം ഇന്ന് വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് വളരെ സെൻസിറ്റിവായ ഒരു സമൂഹത്തിൽ. നമ്മൾ സൃഷ്ടിച്ചുവിടുന്നത് നന്മയായാലും തിന്മയായാലും അത് നിമിഷങ്ങൾക്കകം വിപുലമായ കാഴ്ചക്കാരിലേക്ക് എത്തുകയാണ്. ഇതിൽ പ്രതികരിക്കുന്ന പലരും വൈകാരികമായാണ് ഇടപെടുന്നത് എന്നത് മറ്റൊരു സത്യം.
പുസ്തകങ്ങളിലും സമൂഹ മാധ്യമങ്ങളിലും നല്ലത് തിരഞ്ഞെടുക്കുക എന്നതിനൊപ്പം പ്രധാനമാണ് നന്മയും തിന്മയും വേർതിരിച്ചറിയാൻ പറ്റുക, അതിലുള്ള മൂല്യങ്ങളെ തിരിച്ചറിയുക എന്നതൊക്കെ. സമൂഹ മാധ്യമങ്ങളിൽനിന്ന് നല്ലത് തിരഞ്ഞെടുക്കാൻ ചിപ്പിക്കുള്ളിലെ മുത്ത് തിരഞ്ഞു കണ്ടുപിടിക്കുന്നതുപോലെ ശ്രമകരമാണ്.
നമ്മളുടെ സൃഷ്ടികളും പ്രതികരണങ്ങളും പുറത്തുവിടുംമുമ്പ് സ്വയം വിലയിരുത്തുക, അതിൽനിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് നമുക്ക് നൽകാൻ ഉള്ളതെന്ന്. ഏറ്റവും ചുരുങ്ങിയപക്ഷം സമൂഹത്തിൽ അത് ഒരിക്കലും ദോഷകരമായി ബാധിക്കില്ലെന്നെങ്കിലും ഉറപ്പുവരുത്തുക. ചിന്തകളെ സംസ്കരിച്ചില്ലെങ്കിലും ഒരു ചിന്തയെപ്പോലും വികലമാക്കാതിരിക്കാൻ ശ്രമിക്കുക.
- ഡി.എസ്. ഫാത്തിമ മുഫീദ കാപ്പാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.