അതിജീവന വർഷം
text_fieldsകുവൈത്ത് സിറ്റി: ജാഗ്രതയുടെയും കഠിനാധ്വാനത്തിെൻറയും ഐക്യത്തിെൻറയും അതിജീവനത്തിന്റേതുമായിരുന്നു കുവൈത്തിന് 2021. കോവിഡ് മഹാമാരി പിടിമുറുക്കി ജീവിതം ദുസ്സഹവും ജീവൻ ഭീഷണിയിലുമായ 2020മായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞവർഷം ശ്രദ്ധേയമായ പുരോഗതി എല്ലാ മേഖലയിലും ഉണ്ടായി. പ്രതിരോധ കുത്തിവെപ്പ് അതിവേഗം മുന്നോട്ടുകൊണ്ടുപോയി. പൂർണമായി കീഴടക്കാൻ കഴിഞ്ഞില്ലെങ്കിലും വൈറസിനെ ഒരുവിധം പിടിച്ചുകെട്ടാൻ കഴിഞ്ഞു. ലോക്ഡൗണിെൻറയും കർഫ്യൂവിെൻറയും പേടിപ്പെടുത്തുന്ന ദിവസങ്ങൾ ഒഴിഞ്ഞുപോയി. ജാഗ്രതയോടെയാണെങ്കിലും ജനജീവിതം സാധാരണമായി, വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു, ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ നീക്കി, തൊഴിൽ മേഖല ഉണർന്നു. മാസങ്ങൾ നാട്ടിൽ കുടുങ്ങി ഉപജീവനം പ്രതിസന്ധിയിലായ പ്രവാസികൾ തിരിച്ചെത്തി. ദീർഘനാൾ ഉറ്റവരെയും ഉടയവരെയും വിട്ടുനിന്ന നിരവധി പേർ അവധിയെടുത്ത് നാട്ടിൽ പോയി വന്നു. നഷ്ടങ്ങളും പ്രയാസങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്. വിദേശികളെ ബാധിക്കുന്ന നിരവധി നടപടികളും സംഭവവികാസങ്ങളുമുണ്ടായി. എന്നാലും താരതമ്യേന തിരിച്ചടികളെ വകഞ്ഞുമാറ്റി വൻ കുതിപ്പ് നടത്തിയ വർഷമാണ് കഴിഞ്ഞുപോയത്.
ശൈഖ് മിശ്അൽ ആക്ടിങ് അമീർ
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഭരണഘടനാപരമായ അമീരി ഉത്തരവാദിത്തങ്ങൾ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രത്യേക ഉത്തരവിലൂടെയാണ് ഇത് നടപ്പാക്കിയത്. ജി.സി.സി ഉച്ചകോടിയിൽ കുവൈത്ത് സംഘത്തെ ശൈഖ് മിശ്അൽ അസ്സബാഹ് നയിച്ചു.
മന്ത്രിസഭ രൂപവത്കരണവും രാജികളും
2021ൽ രണ്ടുതവണ കുവൈത്ത് മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ചു. ജനുവരിയിൽ മന്ത്രിസഭ രാജിവെച്ച് മാർച്ച് രണ്ടിന് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറതന്നെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നു. മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നായിരുന്നു. അതിനുശേഷവും പാർലമെൻറുമായുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല.
നിരന്തരം കുറ്റവിചാരണ നോട്ടീസ് സമർപ്പിക്കപ്പെട്ടു. സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെൻറ് യോഗം അഞ്ചു തവണ മുടങ്ങി. തുടർന്നാണ് അമീറിെൻറ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നാഷനൽ ഡയലോഗ് ആരംഭിച്ചത്.
ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി നവംബർ എട്ടിന് മന്ത്രിസഭ രാജിവെക്കുകയും കഴിഞ്ഞ ദിവസം നാലു എം.പിമാരെ ഉൾപ്പെടുത്തി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറ നേതൃത്വത്തിൽതന്നെ മന്ത്രിസഭ നിലവിൽ വരുകയും ചെയ്തു.
വിദേശി ജനസംഖ്യ കുറഞ്ഞു
വിദേശി ജനസംഖ്യയിൽ കഴിഞ്ഞ വർഷം ഗണ്യമായ കുറവുണ്ടായി. രണ്ടു ലക്ഷത്തിനടുത്ത് വിദേശികളാണ് ഒന്നര വർഷത്തിനിടെ കുവൈത്തിൽനിന്നു പ്രവാസം മതിയാക്കി മടങ്ങിയത്.
സർക്കാർ മേഖലയിലെ സ്വദേശിവത്കരണ നടപടികളും കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ മേഖലയിലുണ്ടായ തൊഴിൽനഷ്ടവും ഒക്കെയാണ് വിദേശികളുടെ എണ്ണം കുറയാനുള്ള കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ജനുവരി മുതൽ 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കിനൽകാത്തതും നിരവധി വിദേശികൾ മടങ്ങാൻ ഇടയാക്കി. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം പ്രവാസം മതിയാക്കി മടങ്ങിയവരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്.
ഇറാഖ് യുദ്ധ നഷ്ടപരിഹാരം
1990ലെ അധിനിവേശംമൂലമുണ്ടായ നാശനഷ്ടങ്ങള്ക്ക് പരിഹാരമായി ഇറാഖ് കുവൈത്തിന് 52.4 ബില്യൺ ഡോളര് കൊടുത്തുതീർത്തത് ഇൗ വർഷം. എണ്ണ വരുമാനത്തിെൻറ മൂന്നു ശതമാനം മാറ്റിവെച്ച് 1991 മുതൽ ഇറാഖ് പണം അടച്ചുവരുകയായിരുന്നു.
ആശ്വാസമായി എണ്ണവില തിരിച്ചുകയറി
കൂപ്പുകുത്തിയ എണ്ണവില തിരിച്ചുകയറിയത് കുവൈത്തിന് ആശ്വാസമായി. എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക്, നോൺ ഒപെക് കൂട്ടായ്മ തീരുമാനമെടുത്ത് നടപ്പാക്കി തുടങ്ങി. ഒപെകിെൻറ അടുത്ത സെക്രട്ടറി ജനറലായി കുവൈത്ത് പ്രതിനിധി ഹൈതം അൽ ഗൈസിനെ നിശ്ചയിച്ചു.
രാഷ്ട്രീയ പൊതുമാപ്പ്
കുവൈത്ത് രാഷ്ട്രീയ ചരിത്രത്തിലെതന്നെ സുപ്രധാനമായ ഏടുകളിലൊന്നാണ് ഈ വർഷം നൽകിയ രാഷ്ട്രീയ പൊതുമാപ്പ്.
പാർലമെൻറ് കൈയേറ്റം ഉൾപ്പെടെ രാഷ്ട്രീയ കേസുകളിൽ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ അഭയം തേടിയ മുൻ എം.പിമാർ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ പൊതുമാപ്പ് നൽകിയ അമീരി ഉത്തരവ് പ്രയോജനപ്പെടുത്തി തിരിച്ചെത്തി.
ഡോ. ജംആൻ അൽ ഹർബഷ്, സാലിം അൽ നംലാൻ, മുബാറക് അൽ വഅ്ലാൻ, മുസല്ലം അൽ ബർറാക്, ഫൈസൽ അൽ മുസ്ലിം, ഖാലിദ് അൽ തഹൂസ്, മിശ്അൽ അൽ ദൈദി, അബ്ദുൽ അസീസ് അൽ ജറല്ല, അബ്ദുൽ അസീസ് അൽ മുനൈസ്, നാസർ അൽ മുതൈരി, മുഹമ്മദ് അൽ ബുലിഹൈസ് തുടങ്ങിയ നേതാക്കളാണ് തിരിച്ചെത്തിയത്.
പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാൻ അമീർ മുൻകൈയെടുത്ത് നടത്തുന്ന നാഷനൽ ഡയലോഗിൽ പ്രതിപക്ഷ എം.പിമാർ പ്രധാനമായും ആവശ്യപ്പെട്ടത് രാഷ്ട്രീയ കേസുകളിലെ പൊതുമാപ്പും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തലുമാണ്.
ഇന്ത്യയിലേക്കൊഴുകിയ ജീവവായു
ഇന്ത്യയിൽ കോവിഡ് തരംഗം ആഞ്ഞടിക്കുകയും ഓക്സിജൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്തപ്പോൾ ആദ്യം സഹായ വാഗ്ദാനം നൽകിയതും ഏറ്റവും കൂടുതൽ സഹായം നൽകിയതും കുവൈത്താണ്. ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് തബർ, ഐ.എൻ.എസ് ഷാർദുൽ തുടങ്ങിയ ഇന്ത്യൻ നാവിക സേന കപ്പലുകളും വ്യോമസേന വിമാനങ്ങളും സഹായം ഏറ്റുവാങ്ങാനെത്തി. 2800 മെട്രിക് ടൺ ഓക്സിജൻ കുവൈത്തിൽനിന്ന് കൊണ്ടുപോയി. കുവൈത്ത് സർക്കാറും സന്നദ്ധ സംഘടനകളും പ്രവാസി കൂട്ടായ്മകളും സഹായം നൽകി.
കേന്ദ്രമന്ത്രിയുടെ സന്ദർശനം
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ജൂണിൽ കുവൈത്ത് സന്ദർശിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങി ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, ഊർജം, അടിസ്ഥാന സൗകര്യങ്ങള്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ വിവിധ ആവശ്യങ്ങളും ചര്ച്ചചെയ്തു.
കാരുണ്യത്തിെൻറ കുവൈത്ത്
വിവിധ രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് സഹായവസ്തുക്കൾ ഒഴുകുന്നതിന് ഒരു മാറ്റവും ഉണ്ടായില്ല. നയതന്ത്ര ബന്ധം മുറിക്കേണ്ടിവന്ന ലബനാനിൽ അടക്കം കുവൈത്തി സന്നദ്ധ സംഘടനകളും പ്രവർത്തകരും കാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സോമാലിയയെ സഹായിക്കാൻ ഈ വർഷം കുവൈത്തിൽ നടക്കേണ്ടിയിരുന്ന പ്രത്യേക ഉച്ചകോടി കോവിഡ് സാഹചര്യത്തിൽ നടന്നില്ല. ദരിദ്രരാജ്യങ്ങളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് കുവൈത്ത് സാമ്പത്തിക സഹായം നൽകുന്നു.
സ്വദേശിവത്കരണം തകൃതി
സർക്കാർ മേഖലയിലെ സ്വകാര്യവത്കരണം മുറപോലെ നടക്കുന്നു. പുതിയ വിദേശി നിയമനം വളരെ പരിമിതം. സ്വദേശിവത്കരണ നടപടികൾക്ക് സിവിൽ സർവിസ് കമീഷെൻറ കർശന നിർദേശവും മേൽനോട്ടവുമുണ്ട്. അടുത്ത വർഷവും പൊതുമേഖലയിലെ സ്വദേശിവത്കരണം ശക്തമായി നടക്കും. പൊതുമേഖലയിൽ കുവൈത്തികളെ ലഭ്യമല്ലാത്ത ഒഴിവുകളിൽ ഒഴികെ വിദേശികൾ വേണ്ട എന്നാണ് നയം.
60 വയസ്സ് പ്രായപരിധി
60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് ഇഖാമ പുതുക്കാൻ അനുവദിക്കില്ലെന്ന ഉത്തരവ് പ്രാബല്യത്തിലായ ദുഃഖത്തോടെയാണ് പ്രവാസി സമൂഹത്തിെൻറ 2021ലെ പുതുവർഷം ആരംഭിച്ചത്. ആയിരക്കണക്കിനാളുകൾ ഇതേ തുടർന്ന് തിരിച്ചുപോയി.
സ്വദേശികളുടെ എതിർപ്പും അധികൃതർക്കിടയിൽതന്നെ അഭിപ്രായ വ്യത്യാസവുമുള്ള വിഷയത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എല്ലാ ഡ്രൈവിങ് ലൈസൻസുകളും അർഹത പരിശോധന നടത്തി അനർഹരായ രണ്ടര ലക്ഷം വിദേശികളുടെ ലൈസൻസ് പിൻവലിക്കുമെന്ന പ്രഖ്യാപനവും അനിശ്ചിതാവസ്ഥയിലുണ്ട്. ഏതാനും ദിവസം ലൈസൻസ് പുതുക്കാൻ കഴിയാതിരുന്നത് കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിട്ടുണ്ട്.
മരണനിരക്ക് ഉയർന്നു
വിദേശികളുടെ മരണനിരക്ക് ഗണ്യമായി വർധിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ മാസങ്ങളിൽതന്നെയാണ് മരണനിരക്കും ഉയർന്നത്. കോവിഡ് തന്നെയാണ് മരണ നിരക്ക് ഉയരാൻ കാരണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കും വർധിച്ചു.
താമസനിയമലംഘനം: പരിശോധന
പലവട്ടം പൊതുമാപ്പ് നൽകിയിട്ടും തിരിച്ചുപോകാത്ത താമസനിയമലംഘകരെ പിടികൂടാൻ ഒക്ടോബറിൽ പരിശോധന കാമ്പയിൻ ആരംഭിച്ചെങ്കിലും പിടിയിലാകുന്നവരെ പാർപ്പിക്കാൻ ജയിലിൽ സ്ഥലമില്ലാത്തതിൽ മൂന്നാഴ്ചക്കകം കാമ്പയിൻ നിർത്തി. ഇപ്പോൾ നടക്കുന്നത് നാടുകടത്തലിലൂടെ ജയിലിൽ ഒഴിവ് വരുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധന.
കായികം
കായികപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. സ്റ്റേഡിയങ്ങളിൽ കാണികൾ സജീവമായി. അമീർ കപ്പ് ഫുട്ബാൾ നിറഞ്ഞ ഗാലറിയെ സാക്ഷിനിർത്തി നടത്തി. അന്തർദേശീയ മത്സരങ്ങളിൽ കുവൈത്ത് താരങ്ങൾ സജീവമായി പങ്കുകൊണ്ടു. ശ്രദ്ധേയമായ നേട്ടങ്ങൾ കുറച്ചുമാത്രം. ടോക്യോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെങ്കലം നേടിയ അബ്ദുല്ല അൽ റഷീദി കുവൈത്തിെൻറ ഏക മെഡൽ ജേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.