കൗമാര കലകളുടെ ഉത്സവമായി കല കുവൈത്ത് ബാലകലാമേള
text_fieldsകുവൈത്ത് സിറ്റി: 40ാം വാർഷികാഘോഷ ഭാഗമായി കല കുവൈത്ത് സംഘടിപ്പിച്ച ബാലകലാമേളയിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി. ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. യുനൈറ്റഡ് സ്കൂളിൽ ഒമ്പത് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. പ്രസിഡൻറ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജ്ഗോപാൽ സിങ് ഉദ്ഘാടനം നിർവഹിച്ചു.
ബി.ഇ.സി കൺട്രി മാനേജർ മാത്യു വർഗീസ്, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അജിത് കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ബാലകലാമേള ജനറൽ കൺവീനർ കെ.വി. നിസാർ നന്ദിയും പറഞ്ഞു. എല്ലാ മത്സര ഇനങ്ങളുടെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും വേദിയിൽ നടന്നു. മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിലെ രോഹിത് എസ്. നായർ കലാപ്രതിഭയായും ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിലെ റൂത് ആൻ ടോബി കലാതിലകമായും െതരഞ്ഞെടുക്കപ്പെട്ടു.
കലാതിലകം, കലാപ്രതിഭ എന്നിവർക്കുള്ള സ്വർണ മെഡലുകളും ചാമ്പ്യൻ സ്കൂളിനുള്ള ട്രോഫിയും മേയ് 11ന് നടക്കുന്ന കല കുവൈത്ത് മെഗാ പരിപാടിയായ ‘തരംഗം 2018’ൽ സമ്മാനിക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മോണോആക്ട്, കെ.ജി വിഭാഗത്തിലെ കുട്ടികൾക്കായി കഥ പറയൽ മത്സരം, രചനാ മത്സരങ്ങൾ തുടങ്ങി നാലു വിഭാഗങ്ങളിലായ് 15 മത്സര ഇനങ്ങളാണ് ബാലകലാമേളയിൽ അരങ്ങേറിയത്. മത്സരഫലങ്ങൾ www.kalakuwait.com ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.