53 വർഷത്തെ പ്രവാസം മതിയാക്കി യൂസുഫ്ക്ക മടങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: അരനൂറ്റാണ്ട് പിന്നിട്ട പ്രവാസജീവിതം മതിയാക്കി യൂസുഫ്ക്ക മടങ്ങുന്നു. 1967 സെപ്റ്റംബർ 21ന് 17ാം വയസ്സിലാണ് കോഴിക്കോട് എലത്തൂർ സ്വദേശി യൂസുഫ്ക്ക കപ്പലേറി കുവൈത്തിലെത്തുന്നത്. 53 വർഷം പൂർത്തിയാക്കുന്നതിെൻറ പിറ്റേന്നാണ് മടക്കമെന്നത് യാദൃശ്ചികത.
ഇത്രകാലം അന്നമേകിയ പ്രിയപ്പെട്ട നാട്ടിൽനിന്ന് തിരിച്ചുപോവുന്നതിെൻറ വിങ്ങൽ മനസ്സിലുണ്ടെങ്കിലും സ്വന്തം നാട്ടിൽ കൂടുതൽ സമയം ചെലവിടാമെന്നതിെൻറ സന്തോഷവുമുണ്ട്. ''എന്തുതന്നെയായാലും നമ്മുടെ നാടുതന്നെയല്ലേ നമുക്ക് വലുത്.
യുദ്ധം വന്നപ്പോൾ ഇവിടുന്ന് പോവേണ്ടി വന്നുവല്ലോ. നമ്മുടെ മണ്ണിൽനിന്ന് എങ്ങോട്ടും പോവേണ്ടി വരില്ലല്ലോ'' -യൂസുഫ്ക്കയുടെ വാക്കുകൾ. ''എല്ലാവരുമുണ്ട് എന്നാൽ ആരുമില്ല എന്ന അവസ്ഥയാണ് പ്രവാസിക്ക്. യതീമുകളുടെ അവസ്ഥയാണ് അവരുടേതെന്ന് കൊറോണക്കാലം വീണ്ടും തെളിയിച്ചു'' -ഇൗ മുതിർന്ന പൗരൻ കണ്ഠമിടറി പറയുന്നു.
ഒരു പായക്കപ്പൽ കോഴിക്കോട് കടപ്പുറത്ത് മുങ്ങിയതാണ് ഇദ്ദേഹത്തിെൻറ കുവൈത്തിലേക്കുള്ള വരവിന് വഴിവെച്ചത്. അന്ന് ഒരു കുവൈത്തിയെ സഹായിച്ചത് യൂസുഫ്ക്കയുടെ പിതാവായിരുന്നു. അദ്ദേഹം യൂസുഫ്ക്കയെ രണ്ടുവർഷം കഴിഞ്ഞ് ഇങ്ങോട്ട് കൊണ്ടുവന്നു. തന്നെ കൊണ്ടുവന്ന കുവൈത്തി രണ്ടുവർഷം കഴിഞ്ഞപ്പോൾ മരണപ്പെട്ടു. എന്നാലും കുടുംബം സ്നേഹബന്ധം തുടർന്നു. ഇപ്പോഴും കുടുംബവുമായി സൗഹൃദമുണ്ട്. ആദ്യമൊക്കെ മലയാളികളെ കാണുന്നതുതന്നെ കുറവായിരുന്നു.
എണ്ണക്കരുത്തിൽ കുവൈത്ത് വികസിച്ച് തുടങ്ങിയതോടെ ഇവിടേക്ക് മലയാളികൾ അടക്കമുള്ള വിദേശികളുടെ വരവ് കൂടി. അതോടെ നാട്ടുകൂട്ടങ്ങളും ആഘോഷങ്ങളും സാംസ്കാരിക പരിപാടികളും സജീവമായി.
യൂസുഫ്ക്ക അടക്കമുള്ളവർ മുൻകൈയെടുത്ത് രൂപം നൽകിയ എലത്തൂർ കൂട്ടായ്മ ഇന്ന് സജീവമാണ്.
കത്തുവിതരണത്തിെൻറ വെള്ളിയോർമ
കാർ വാങ്ങിയതോടെ വെള്ളിയാഴ്ചകളിലെ അവധിദിനങ്ങൾ കത്ത് വിതരണ ദിവസങ്ങളായി മാറി. നാട്ടിൽനിന്ന് ഒാരോരുത്തരും കൊണ്ടുവരുന്ന കത്തുകൾ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി വിതരണം ചെയ്തിരുന്നത് സംതൃപ്തിയുള്ള ഒാർമയാണ്. കത്തുകളുമായി വിവിധ ദേശക്കാരുടെ മുറികളിലേക്ക് കയറിച്ചെന്നതോടെ സൗഹൃദവലയവും വളർന്നു. കുവൈത്തിലെ പ്രവാസികൾ സന്തോഷത്തോടെ കഴിയുന്ന സമയത്താണ് ഒാർക്കാപ്പുറത്ത് ഇറാഖ് അധിനിവേശം സംഭവിക്കുന്നത്. പ്രവാസത്തിൽനിന്ന് ജീവനും കൈയിൽപിടിച്ച് ആയിരങ്ങൾ പലായനം ചെയ്തപ്പോൾ അവരിലൊരാളായി യൂസുഫ്ക്കയും ഉണ്ടായിരുന്നു. ജോർഡൻ വഴി നാട്ടിലെത്തി ആറുമാസം തികയും മുമ്പുതന്നെ കുവൈത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുങ്ങി. എണ്ണക്കിണറുകൾ തീയിട്ടതിനാൽ കുവൈത്തിലാകെ പുക മൂടി കറുത്തിരിക്കുകയായിരുന്നു. ചിലർ തിരിച്ചുപോയി. പലർക്കും രോഗം പിടിപെട്ടു. എന്നാൽ, ജീവിത പ്രാരബ്ദം ഒാർത്ത് പിടിച്ചുനിന്നവരുടെ കൂട്ടത്തിലായിരുന്നു യൂസുഫ്ക്ക. കറുത്തകാലം പിന്നിട്ട് കുവൈത്ത് വികസനക്കുതിപ്പിലേക്ക് കുതിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. ജനം ഭക്ഷണത്തിന് വലഞ്ഞ കോവിഡ് കാലം മറക്കാൻ കഴിയില്ലെന്നും സർക്കാറും സന്നദ്ധ സംഘടനകളും നടത്തിയ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ കൂട്ട പട്ടിണി മരണങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സുഹറയാണ് ഭാര്യ. ഫായിസ്, നജാത്ത്, നഫീസ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.