ഖുർആൻ പകർത്തിയെഴുതിയ സിയ ബിൻത് അനസിനെ ആദരിച്ചു
text_fieldsകുവൈത്ത് സിറ്റി: ഖുർആൻ കൈപ്പടയിൽ പകർത്തിയെഴുതിയ മലയാളി വിദ്യാർഥിനി സിയ ബിൻത് അനസിനെ ഫഹാഹീൽ ഇസ്ലാഹീ മദ്റസ പി.ടി.എ ആദരിച്ചു. ഫഹാഹീൽ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ സിയ തയാറാക്കിയ ഖുർആൻ പതിപ്പിന്റെയും കാലിഗ്രഫികളുടെയും പ്രദർശനവും നടന്നു. സിയക്ക് ഒരു പവൻ സ്വർണനാണയവും പ്രശംസാഫലകവും സമ്മാനിച്ചു.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, പി.ടി.എ. മുൻ പ്രസിഡന്റ് റിയാസ് കോഴിക്കോട് എന്നിവർ സമ്മാനങ്ങൾ നൽകി. പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ ആലുവ അധ്യക്ഷത വഹിച്ചു. ഐ.ടി സെക്രട്ടറി അനിലാൽ ആസാദ് ഖുർആൻ പകർപ്പിന്റെ പ്രദർശനത്തിന് നേതൃത്വം നൽകി. മദ്റസാ പ്രധാനാധ്യാപകൻ സാജു ചെമ്മനാട്, കെ.സി. മുഹമ്മദ് നജീബ്, തൻവീർ എറണാകുളം എന്നിവർ സംസാരിച്ചു.
ഫഹാഹീൽ ഇസ്ലാഹി മദ്റസ പൂർവവിദ്യാർഥിനിയായ ഫാത്തിമ ഒന്നര വർഷമെടുത്താണ് സ്വന്തം കൈപ്പടയിൽ ഖുർആൻ തയാറാക്കിയത്. മദ്റസാ പഠനകാലത്ത് ഖുർആൻ ഭാഗങ്ങൾ പകർത്തിയപ്പോൾ തുടങ്ങിയ ഇഷ്ടമാണ് പിന്നീട് ഈ പരിശ്രമത്തിന് നിമിത്തമായതെന്ന് സിയ പറഞ്ഞു. മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും കരുത്തായി.
വളപട്ടണം സ്വദേശി അനസിന്റെയും ഫർസാനയുടെയും മകളായ സിയ ഇപ്പോൾ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് ഹ്യുമാനിറ്റീസ് പ്ലസ് ടു കോഴ്സിന് പഠിക്കുകയാണ്. സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി ഫത്താഹുല്ല ഖുർആൻ മനപ്പാഠം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.