ഇനി ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാം
text_fieldsതിരുവനന്തപുരം: ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ ആർ.ടി.പി.സി.ആറിന് പകരം ഇനി റാപിഡ് ആൻറിജൻ പരിശോധന. ഡിസ്ചാർജ് പ്രോേട്ടാക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആർ.ടി.പി.സി.ആറിനെ അപേക്ഷിച്ച് വേഗം പരിശോധന നടപടി പൂർത്തിയാക്കാമെന്നതാണ് ആൻറിജൻ പരിശോധനയുടെ പ്രത്യേകത. ഒരു സാമ്പിൾ പരിശോധന പൂർത്തിയാക്കാൻ ആർ.ടി.പി.സി.ആറിൽ ആറു മണിക്കൂർ വരെ വേണം. റാപിഡ് ആൻറിജനിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഫലം ലഭിക്കും. ചെലവും കുറവാണ്.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളുടെ ഭാരം കുറക്കാമെന്നതാണ് ആൻറിജൻ പരിശോധനയുടെ പ്രയോജനം. പരിശോധനഫലം വൈകുന്നത് മൂലം രോഗികൾ കൂടുതൽ ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരുന്നതും ഒഴിവാക്കാം. ഡിസ്ചാർജ് സംബന്ധിച്ച് രണ്ടാം വട്ടമാണ് പ്രോേട്ടാക്കോൾ ഭേദഗതി വരുന്നത്.
ലക്ഷണമില്ലാത്തവർ:
രോഗലക്ഷണങ്ങളില്ലാത്ത രോഗികളിൽ പോസിറ്റിവ് ആയി 10ാം ദിവസം ആൻറിജൻ പരിശോധന നടത്താം. നെഗറ്റിവ് ആയാൽ ആശുപത്രി വിടാം. പോസിറ്റിവാണെങ്കിൽ നെഗറ്റിവ് ഫലം ലഭിക്കുന്നതു വരെ ഒന്നിടവിട്ട ദിവസം ആൻറിജൻ പരിശോധന തുടരണം. ഏഴുദിവസം അനാവശ്യയാത്രകളും സമ്പർക്കവും ഒഴിവാക്കണം.
കാറ്റഗറി -എ (നേരിയ രോഗലക്ഷണമുള്ളവർ):
പോസിറ്റിവ് ആയി 10ാം ദിവസം ആൻറിജൻ പരിശോധന. ഫലം നെഗറ്റിവാകുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 10 ദിവസം പൂർത്തിയാക്കിയവർ, മൂന്നുദിവസമായി ലക്ഷണങ്ങൾ ഇല്ലാത്തവർ എന്നിവർക്ക് ആശുപത്രി വിടാം. ഏഴുദിവസം അനാവശ്യ യാത്രക്കും സമ്പർക്കത്തിനും വിലക്ക്.
ആൻറിജൻ ഫലം പോസിറ്റിവാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തി നെഗറ്റിവ് ആയാൽ ഡിസ്ചാർജ്.
കാറ്റഗറി -ബി (സാമാന്യം രോഗലക്ഷണങ്ങളുള്ളവർ):
പോസിറ്റിവായി 14ാം ദിവസം ആൻറിജൻ പരിശോധന. നെഗറ്റിവാകുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 14 ദിവസം പൂർത്തിയാക്കിയവർ, മൂന്നുദിവസമായി ലക്ഷണങ്ങൾ ഇല്ലാത്തവർ എന്നിവർക്ക് ആശുപത്രി വിടാം. ഏഴുദിവസം അനാവശ്യയാത്രയും സമ്പർക്കവും പാടില്ല. പോസിറ്റിവാണെങ്കിൽ നെഗറ്റിവ് ഫലം ലഭിക്കുന്നതുവരെ ഒന്നിടവിട്ട ദിവസം പരിശോധന.
കാറ്റഗറി- സി (തീവ്രരോഗലക്ഷണങ്ങളുള്ളവർ, മറ്റു ഗുരുതര രോഗമുള്ളവർ, അവയവമാറ്റത്തിന് വിധേയരായവർ):
രോഗം സ്ഥിരീകരിച്ച് 14ാം ദിവസം ആൻറിജൻ പരിശോധന. നെഗറ്റിവാകുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 14 ദിവസം പൂർത്തിയാക്കിയവർ, മൂന്ന് ദിവസങ്ങളായി ലക്ഷണങ്ങൾ ഇല്ലാത്തവർ എന്നിവർക്ക് മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയാണെങ്കിൽ ആശുപത്രി വിടാം. ഏഴ് ദിവസം അനാവശ്യ യാത്രാ^സമ്പർക്ക വിലക്ക്. ആൻറിജൻ പോസിറ്റിവായാൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തി നെഗറ്റിവ് ആയാൽ ഡിസ്ചാർജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.