‘അയൺമാൻ 70.3’ ട്രയാത്ത്ലൺ മത്സരങ്ങൾക്ക് നാളെ തുടക്കം
text_fieldsമസ്കത്ത്: തലസ്ഥാന നഗരത്തിൽ ആവേശക്കാഴ്ചകൾ സമ്മാനിച്ച് ‘അയൺമാൻ 70.3’ ട്രയാത്ത്ലൺ മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങിൽ നടക്കും. 1.9 കി.മീ നീന്തൽ, 90 കി.മീ സൈക്ലിങ്, 21.1 കി.മീ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണ് ‘അയൺമാൻ 70.3' ഉൾപ്പെടുത്തിയിരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തിലധികം അത്ലറ്റുകൾ മേളയുടെ ഭാഗമാകും. വ്യാഴാഴ്ച വൈകീട്ട് ഷാത്തി അൽ ഖുറമിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് പരിപാടി ആരംഭിക്കുക. അയൺ കിഡ്സ് മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ സാമൂഹിക ഇടപെടൽ വളർത്തുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടികൾ ലക്ഷ്യമിടുന്നു. ഒമാന്റെ കായിക കലണ്ടറിലെ ഒരു നാഴികക്കല്ലാണിതെന്ന് ട്രയാത്ത്ലൺ മിഡിൽ ഈസ്റ്റിന്റെ സി.ഇ.ഒയും സ്ഥാപകനുമായ മുഹമ്മദ് ഉബൈദാനി പറഞ്ഞു. അയൺമാൻ 70.3 ഒമാൻ മസ്കത്ത് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു. മസ്കത്തിലെ സ്പോർട്സ് ആരാധകരെയും കുടുംബങ്ങളെയും ഈ വാരാന്ത്യത്തിൽ അയൺമാൻ റേസ് വില്ലേജും എക്സ്പോയും സന്ദർശിക്കാൻ ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിൽ ട്രയാത്ത്ലണിന് വളരെയധികം പ്രാധാന്യമുണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഈ ട്രയാത്ത്ലൺ, പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങൾക്കും ഔട്ട്ഡോർ, സാഹസിക ടൂറിസത്തിനും ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ പ്രശസ്തി കൂടുതൽ വർധിപ്പിക്കും.
മസ്കത്തിന്റെ സമ്പന്നമായ സാംസ്കാരിക സൗന്ദര്യവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഇത് ഉയർത്തികാട്ടും. ആദ്യമായി ഒമാനിലേക്ക് വരുന്ന എല്ലാ കായികതാരങ്ങളെയും ഞങ്ങളുടെ മനോഹരമായ തലസ്ഥാന നഗരത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഉബൈദാനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.