ശമ്പളം വൈകിപ്പിച്ചാൽ 100 റിയാൽ പിഴ
text_fieldsമസ്കത്ത്: രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതിനെതിരെ നടപടിയുമായി അധികൃതർ.
ഇങ്ങനെ ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്‍വീതം പ്രതിമാസം പിഴ ചുമത്തുമെന്ന് വേജസ് പ്രൊട്ടക്ഷൻ (ഡബ്ല്യു.പി.എസ്) പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സലേം അൽ സാബിതിനെ ഉദ്ധരിച്ച് പ്രാദേശിക ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത്. ചില കമ്പനികൾ ജീവനക്കാരുടെ ശമ്പളം എട്ടുമാസത്തേക്ക് വൈകിപ്പിച്ച കേസുകളുണ്ട്. നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം.
തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോ മാസവും പിഴ ഇരട്ടിയാക്കുകയും ചെയ്യും. കഴിഞ്ഞ വർഷം 24,000 ലേബർ പരാതികളാണ് ലഭിച്ചത്. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണെന്നും അൽ സാബിത് പറഞ്ഞു.
തൊഴിലുടമകള്‍ ഡബ്ല്യു.പി.എസ് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്.
പല കമ്പനികളും ഈ സംവിധാനം ഇനിയും ഉപയോഗിച്ചിട്ടില്ല. ഈ വർഷം മേയോടെ ഡബ്ല്യു.പി.എസ് വഴി ശമ്പളം വിതരണം നടത്തണമെന്ന് കമ്പനികളോട് ആവശ്യപ്പെടുകയാണ്. അതേസമയം, ചെറുകിട സംരംഭങ്ങള്‍ക്ക് ആഗസ്റ്റില്‍ പേമെന്റ് സംവിധാനം ശരിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.