സിലാൽ സെൻട്രൽ മാർക്കറ്റിൽ 1,100 റഫ്രിജറേറ്ററുകൾ സ്ഥാപിച്ചു
text_fieldsമസ്കത്ത്: അടുത്തിടെ പ്രവർത്തനം തുടങ്ങിയ ബർക്കയിലെ പുതിയ പഴം, പച്ചക്കറി സെൻട്രൽ മാർക്കറ്റായ സിലാലിൽ നൂതന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 1,100 റഫ്രിജറേറ്ററുകൾ സ്ഥാപിച്ചു.
പച്ചക്കറി, പഴം മേഖലകളിലെ മൊത്തവ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള മാർക്കറ്റിന്റെ ശ്രമങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് സിലാൽ സെൻട്രൽ മാർക്കറ്റിലെ ഓപറേഷൻസ് മാനേജർ ഒത്മാൻ ബിൻ അലി അൽ ഹത്താലി പറഞ്ഞു.
വ്യാപാരികൾ, ഇറക്കുമതിക്കാർ, കയറ്റുമതിക്കാർ എന്നിവരെ പിന്തുണക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും വിപുലമായ ശ്രേണി തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും സംഭരിക്കുന്നതിനുള്ള മാർക്കറ്റിന്റെ നിലവിലെ ശേഷി 25,000 ടണ്ണിലധികമാണ്.
സെൻട്രൽ മാർക്കറ്റിൽ 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എയർകണ്ടീഷൻ ചെയ്ത മൊത്തവ്യാപാര ഹാൾ ഉണ്ട്. കൂടാതെ 126 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 90 ശീതീകരിച്ച വെയർഹൗസുകളും സജ്ജീകരിച്ചിരിക്കുന്നു.
ലഭ്യമായ എല്ലാ റഫ്രിജറേറ്ററുകളും നിലവിൽ വാടകക്ക് നൽകിയിട്ടുണ്ട്. കോൾഡ് സ്റ്റോറേജിനു പുറമേ, റഗുലേറ്ററി, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾക്കായി ഒരു സംയോജിത സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത് ഒരു കേന്ദ്രീകൃത ഇൻസ്പെക്ഷൻ സ്റ്റേഷൻ, സാമ്പിൾ വിശകലനത്തിനായി സംയോജിത ലബോറട്ടറി, കസ്റ്റംസ് പരിശോധന, ഭക്ഷ്യ സുരക്ഷ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ട്രക്കുകളുൾപ്പെടെ വിവിധ തരം വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന ഏഴ് പ്രത്യേക ഗേറ്റുകളോടെയാണ് മാർക്കറ്റ് തയാറാക്കിയിരിക്കുന്നത്. ഇത് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.പ്രാദേശിക കൃഷിയെ പിന്തുണക്കുന്നതിന് സിലാൽ സെൻട്രൽ മാർക്കറ്റ് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അൽ ഹത്താലി പറഞ്ഞു.
വിവിധ ഗവർണറേറ്റുകളിൽനിന്ന് സ്വീകരിച്ച് രാജ്യത്തുടനീളമുള്ള പ്രധാന വിപണികളിലേക്ക് പുനർവിതരണം ചെയ്യുന്ന ഒമാനി കാർഷിക ഉൽപന്നങ്ങളുടെ സംയോജിത കേന്ദ്രമായാണ് അദ്ദേഹം സിലാലിനെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.