വിമാനയാത്രികരുടെ എണ്ണത്തിൽ 161 ശതമാനം വർധന
text_fieldsമസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം 161 ശതമാനം വർധിച്ചതായി കണക്കുകൾ. ഈ വർഷം ജൂൺ അവസാനത്തോടെ മസ്കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളിൽ വന്നവർ, പുറത്തുപോയവർ, ട്രാൻസിറ്റ് എന്നിങ്ങനെയുള്ള യാത്രക്കാരുടെ എണ്ണം ആകെ 38,88,323 ആയി.
2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പുറത്തേക്കുപോകുന്ന യാത്രക്കാരുടെ എണ്ണത്തിൽ 114 ശതമാനമായാണ് ഉയർന്നിട്ടുള്ളത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യാന്തര, ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 104.8 ശതമാനം വർധിച്ച് 27,880 ഫ്ലൈറ്റുകളായി. ഇതിലൂടെ 33,82,855 ആളുകൾ മസ്കത്ത് വിമാനത്താവളത്തിലൂടെ യാത്രയും ചെയ്തു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 13,612 വിമാനങ്ങളിലായി 1,416,9 ആളുകളാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. മസ്കത്ത്, സലാല, സുഹാർ എന്നീ വിമാനത്താവളങ്ങളിൽ വന്നതും പുറത്തേക്ക് പോയതുമായ ആകെ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 2022 ജൂൺ അവസാനംവരെ 26,382 ആയി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 131.2 ശതമാനത്തിന്റെ വർധനവാണ് വന്നിട്ടുള്ളത്.
സലാല എയർപോർട്ട് ഈ ജൂൺ അവസാനത്തോടെ ഫ്ലൈറ്റുകളുടെ എണ്ണത്തിൽ 78.8 ശതമാനം വർധന രേഖപ്പെടുത്തി ആകെ 3,483 ആയി. ഇക്കാലയളവിൽ ആകെ 1,595 അന്താരാഷ്ട്ര വിമാന സർവിസുകളാണ് നടന്നത്.
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 184.8 ശതമാനത്തിന്റെ ഉയർച്ചയാണ് വന്നിട്ടുള്ളത്. ആഭ്യന്തര വിമാനങ്ങൾ 36 ശതമാനം വർധിച്ച് 1,888 ഫ്ലൈറ്റുകളുമായി. 2021ൽ ഇതേകാലയളവിൽ 1,388 ആഭ്യന്തര വിമാനങ്ങളാണ് സർവിസ് നടത്തിയത്. സലാല വിമാനത്താവളത്തിൽ ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം 57.3 ശതമാനവും വർധിച്ചു.
ജൂൺ അവസാനത്തോടെ സുഹാർ വിമാനത്താവളത്തിലെ വന്നതും പുറത്തേക്ക് പോയതുമായ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 356 ആണ്. ഈ വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം 32,071 ആണ്. ദുകം എയർപോർട്ടിൽ ആഭ്യന്തര വിമാന സർവിസുകൾ 6.4 ശതമാനം വർധിച്ച് 334 ആയി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 314 വിമാനങ്ങളാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.