മുവാസലാത്ത് ബസുകള്‍ക്ക് വന്‍ സ്വീകാര്യത
text_fieldsമസ്കത്ത്: ഒമാന്‍െറ പൊതുമേഖലാ സര്‍വിസായ മുവാസലാത്തിന് യാത്രക്കാര്‍ക്കിടയില്‍ വന്‍ സ്വീകാര്യത. ചൊവ്വാഴ്ച മുതല്‍ നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടും ബസില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കുറഞ്ഞ നിരക്കും സുരക്ഷിതത്വവും സൗകര്യവും യാത്രക്കാര്‍ക്ക് അനുഗ്രഹമായി. ബസ് ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മികച്ച സേവനമാണ് നല്‍കുന്നത്.
അടുത്ത വര്‍ഷം ഫെബ്രുവരി അവസാനം വരെ നിരക്കിളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യം മുതലാണ് ശരിയായ നിരക്കുകള്‍ നിലവില്‍വരുക. നിലവില്‍ 100 ബൈസയാണ് കുറഞ്ഞ നിരക്ക്. മാര്‍ച്ച് മുതല്‍ മിനിമം നിരക്ക് 200 ബൈസയായി ഉയരും. വാദീ കബീര്‍, വാദീ അദൈ എന്നീ റൂട്ടുകളില്‍ 100 ബൈസയാണ് ഈടാക്കുക. മാര്‍ച്ച് ഒന്നുമുതല്‍ ഈ റൂട്ടുകളില്‍ 200 ബൈസ നല്‍കേണ്ടിവരും. റൂവിയില്‍നിന്ന് മബേലയിലേക്ക് 300 ബൈസയാണ് ഇപ്പോള്‍ ഈടാക്കുന്നത്. റൂവി മബേല റൂട്ടിനെ മൂന്നു സോണുകളായി തിരിച്ചിട്ടുണ്ട്. റൂവി മുതല്‍ ഖുറം വരെ എ സോണില്‍ ഉള്‍പ്പെടും. എ സോണിനുള്ളില്‍ എവിടെ ഇറങ്ങിയാലും 100 ബൈസയാണ് ഈടാക്കുക. അല്‍ ഹംരിയ, അല്‍ നാദ, വാദീ അദൈ, വത്തയ്യ, ഖുറം എന്നിവിടങ്ങളിലേക്ക് 100 ബൈസയാണ്. എന്നാല്‍, മാര്‍ച്ച് മുതല്‍ ഇത് 200 ബൈസയായി ഉയരും. റൂവി മുതല്‍ അസൈബ വരെയാണ് ബി സോണ്‍.
നിലവില്‍ ഈ സോണില്‍ 200 ബൈസയാണ് നിരക്ക്. എ സോണില്‍നിന്ന് ബി സോണിലെ സരൂജ്, അല്‍ ഖുവൈര്‍, അല്‍ ഗുബ്റ, അസൈബ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവരില്‍ നിന്നാണ് 200 ബൈസ ഈടാക്കുന്നത്. മാര്‍ച്ച് മുതല്‍ ഇത് 300 ആയി ഉയരും. റൂവി മുതല്‍ മബേല വരെയാണ് സി സോണ്‍. എ സോണില്‍നിന്ന് സി സോണിലേക്ക് യാത്രചെയ്യുന്നവരില്‍നിന്ന് 300 ബൈസയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇത് 500 ബൈസയായി ഉയരും. നിലവില്‍ ടാക്സികള്‍ റൂവിയില്‍നിന്ന് വത്തയ്യ വരെ 200 ബൈസയും അല്‍ ഖുവൈര്‍ വരെ 300 ബൈസയും അല്‍ ഗുബ്റ വരെ 400 ബൈസയും വിമാനത്താവളം വരെ 500 ബൈസയും മബേല വരെ 700 ബൈസയുമാണ് ഈടാക്കുന്നത്. ഏകീകൃത നിരക്കില്ലാത്തതിനാല്‍ ചില ടാക്സിക്കാര്‍ കൂടുതല്‍ നിരക്കും ഈടാക്കും.
കാറുകളിലാണെങ്കില്‍ മിനിമം ചാര്‍ജ് 200 ബൈസയും നല്‍കേണ്ടിവരും. നിരക്കിനെ ചൊല്ലി വാക്ക്തര്‍ക്കങ്ങള്‍ പതിവാണ്. മാര്‍ച്ചില്‍ പുതിയ നിരക്കുകള്‍ നിലവില്‍വന്നാല്‍പോലും യാത്രക്കാരന് ടാക്സിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാന്‍ കഴിയും. പ്രവൃത്തി ദിവസങ്ങളില്‍ റൂവി സ്റ്റേഷനില്‍നിന്നും മാബേല സ്റ്റേഷനില്‍നിന്നും രാവിലെ ആറിന് സര്‍വിസ് ആരംഭിക്കും. അവാസാന ബസ് രാത്രി 9.15ന് ഇരു സ്റ്റേഷനുകളില്‍നിന്നും പുറപ്പെടും. ഓരോ 15 മിനിറ്റ് ഇടവിട്ടും ബസുകളുണ്ടാവും. വാരാന്ത്യ അവധി ദിവസങ്ങളില്‍ മബേല റൂട്ടിലേക്ക് രാവിലെ ഏഴിനാണ് ആദ്യ ബസ് പുറപ്പെടുക. അവസാന ബസ് രാത്രി ഒമ്പതരക്കായിരിക്കും.
റൂവി വാദീ കബീര്‍ റൂട്ടില്‍ രാവിലെ 6.05ന് സര്‍വിസ് ആരംഭിക്കും. 6.25നാണ് വാദി അദൈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നത്.
60 ബസുകളാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഭാവിയില്‍ ബസ് സര്‍വിസുകള്‍ വര്‍ധിപ്പിക്കാനും ബസില്‍ വൈഫൈ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ബസുകളിലെ ഇരിപ്പിടങ്ങളും എയര്‍കണ്ടീഷനും കാമറകളും വിവരങ്ങള്‍ അടങ്ങുന്ന സ്ക്രീനും ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള സ്റ്റോപ് ബട്ടനുകളും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. അടുത്ത മാര്‍ച്ചില്‍ റൂവി അല്‍ അമിറാത്ത് റൂട്ടില്‍ പുതിയ സര്‍വിസ് ആരംഭിക്കും. റൂവി മസ്കത്ത് റൂട്ടില്‍ ജൂണോടെ പുതിയ സര്‍വിസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറയുന്നു. റൂവി സ്റ്റാന്‍ഡില്‍നിന്ന് കൂടുതല്‍ ബസ് സര്‍വിസ് ആരംഭിച്ചതോടെ ബസ് സ്റ്റേഷനില്‍ തിരക്ക് വര്‍ധിച്ചു. നേരത്തേ ആളൊഴിഞ്ഞുകിടക്കുകയായിരുന്നു റൂവി ബസ് സ്റ്റേഷന്‍. കഴിഞ്ഞമാസം 22 മുതലാണ് മുവാസലാത്ത് സര്‍വിസ് ആരംഭിച്ചത്. കഴിഞ്ഞമാസം 30 വരെ യാത്ര സൗജന്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.