ഒമാന്‍ നാഷനല്‍ മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചു
text_fieldsമസ്കത്ത്: 45ാം ദേശീയദിന ഉപഹാരമായി ഒമാന്‍ നാഷനല്‍ മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചു. ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് മ്യൂസിയത്തിന്‍െറ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. സാംസ്കാരിക പൈതൃകമന്ത്രി സയ്യിദ് ഹൈതം ബിന്‍ താരീഖ് അല്‍ സഈദ് അടക്കം വിവിധ മന്ത്രിമാരും ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി. ഒമാനെ പോലെ സമ്പന്നമായ ചരിത്രമുള്ള രാഷ്ട്രങ്ങള്‍ തങ്ങളുടെ പൈതൃകം ലോകത്തിന് മുന്നില്‍ വിളിച്ചോതണമെന്നും ചരിത്രത്തിന്‍െറ ശേഷിപ്പുകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്നുവെക്കേണ്ടതുണ്ടെന്നും സയ്യിദ് ഫഹദ് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
മസ്കത്തില്‍ അല്‍ അലാം പാലസിന് സമീപത്ത് 13,700 സ്ക്വയര്‍ മീറ്ററില്‍ നിര്‍മിച്ച മ്യൂസിയത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. മിനുക്കുപണികള്‍ക്കുശേഷം അടുത്തവര്‍ഷം പകുതിയോടെ മാത്രമേ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയുള്ളൂ. ഒമാനികള്‍ക്കും പ്രവാസികള്‍ക്കും ഒരു റിയാല്‍ വീതമാകും പ്രവേശ ഫീസ്. സഞ്ചാരികള്‍ക്ക് അഞ്ചു റിയാലാണ് ഫീസ്. കുട്ടികള്‍ക്കും വൈകല്യമുള്ളവര്‍ക്കും സൗജന്യ പ്രവേശം അനുവദിക്കുമെന്നും നാഷനല്‍ മ്യൂസിയം സൂപ്പര്‍വൈസര്‍ ഖൗലാ അല്‍ ഹബ്സി പറഞ്ഞു. വൈകല്യമുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്ധര്‍ക്ക് അറബിക് ബ്രെയ്ലി ലിബിയിലെ വിശദീകരണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള സൗകര്യമുള്ള മിഡിലീസ്റ്റിലെ ആദ്യ മ്യൂസിയമാണ് ഒമാനിലേത്.
നാലായിരം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള 15 പ്രദര്‍ശന ഹാളുകളാണ് മ്യൂസിയത്തിന്‍െറ പ്രത്യേക ആകര്‍ഷണം. ഭൂമിയും മനുഷ്യനും, സമുദ്രയാത്രാ ചരിത്രം, ജലസേചന സൗകര്യമുള്ള അഫ്ലാജ്, നാണയങ്ങളും കറന്‍സികളും, പുരാതന ചരിത്രം, ഒമാനും ലോകവും തുടങ്ങിയ വിഷയങ്ങളിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഒമാന്‍െറ ചരിത്രത്തെ കുറിച്ച് ബോധവത്കരണം നല്‍കാന്‍ പ്രത്യേക പ്രദര്‍ശന ഹാളുകളും ഒരുക്കിയിട്ടുണ്ട്.
യു.എച്ച്.ഡി സിനിമാ ഹാളില്‍ ഒമാന്‍െറ ചരിത്രത്തെ കുറിച്ച ചെറു സിനിമകളും പ്രദര്‍ശിപ്പിക്കും. ആറായിരത്തോളം ചരിത്ര ശേഷിപ്പുകളാണ് പ്രദര്‍ശനത്തിനുള്ളത്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് തയാറാക്കിയിട്ടുള്ള ഒമാനിലെ ആദ്യ മ്യൂസിയമാണിത്. വിദേശ രാഷ്ട്രങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.