സൗദിയും ഇറാനും തമ്മിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാര്‍ –യൂസുഫ് ബിന്‍ അലവി
text_fieldsമസ്കത്ത്: സൗദി അറേബ്യയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ജര്‍മനി സന്ദര്‍ശിക്കുന്ന യൂസുഫ് ബിന്‍ അലവി ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മറുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്. സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം ഇറാനും സൗദിയും തമ്മിലെ ചര്‍ച്ചകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ ഒമാന്‍ വിദേശകാര്യമന്ത്രാലയം തയാറാണ്. വേണമെന്നുണ്ടെങ്കില്‍ എല്ലാ തരം അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നാണ് തന്‍െറ അഭിപ്രായമെന്നും ബിന്‍ അലവി പറഞ്ഞു. അഞ്ചുവര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര വഴികള്‍ മാത്രമാണ് ഏക പരിഹാരം. സമാധാനശ്രമങ്ങളുടെ ഭാഗമായി സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍ വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിന്‍ അലവി പറഞ്ഞു. യമന്‍ പ്രശ്നപരിഹാരത്തിലും ശുഭസൂചനകള്‍ തെളിഞ്ഞുവരുന്നുണ്ടെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഏഴ് നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും ബിന്‍ അലവി പറഞ്ഞു. വിയനയില്‍ ഇന്ന് നടക്കുന്ന സിറിയന്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് ബിന്‍ അലവി ജര്‍മനിയില്‍ എത്തിയത്.
ഗള്‍ഫ് മേഖലയിലെ സമാധാന ശ്രമങ്ങളില്‍ ഒമാന്‍ വഹിക്കുന്ന ക്രിയാത്മക പങ്കിനെ ജര്‍മന്‍ വിദേശകാര്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.