താമസസ്ഥലങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ നഗരസഭാ അനുമതി
text_fieldsമസ്കത്ത്: താമസകേന്ദ്രങ്ങള്‍ നിബന്ധനകള്‍ക്കു വിധേയമായി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്തവിധത്തില്‍ ബിസിനസുകാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതു സംബന്ധിച്ച ഏറെ നാളത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് നഗരസഭയുടെ തീരുമാനം. താമസസ്ഥലങ്ങളുടെ വാണിജ്യ ഉപയോഗം സംബന്ധിച്ച ആശയക്കുഴപ്പം സംബന്ധിച്ച് പലയിടത്തുനിന്നും പരാതികള്‍ ഉണ്ടായിരുന്നു. ഇതോടൊപ്പം, ജനവാസം ഏറിയ മേഖലയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുനല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് പുതിയ നിയമഭേദഗതിക്ക് നഗരസഭ തീരുമാനമെടുത്തത്. പുതിയ ഭേദഗതിയനുസരിച്ച് പഴയ മത്ര മേഖലയിലെ കെട്ടിടങ്ങള്‍ വാണിജ്യാവശ്യത്തിനോ സര്‍ക്കാര്‍ ഓഫിസുകള്‍ക്കോ എംബസി ആസ്ഥാനമായോ ഇനി ഉപയോഗിക്കാം. വാണിജ്യപരവും വിനോദസഞ്ചാര പ്രാധാന്യവുമുള്ള മത്ര സൂഖിന്‍െറ പ്രാധാന്യം കണക്കിലെടുത്താണ് ഈ തീരുമാനം. വാണിജ്യസ്ഥാപനം തുടങ്ങുന്നതിനായി കെട്ടിടത്തിന്‍െറ രൂപമാറ്റം വരുത്താനോ നിലവിലുള്ള രണ്ട് നിലകള്‍ക്ക് അപ്പുറം പുതുതായി നിലകള്‍ കൂട്ടിയെടുക്കാനോ പാടില്ളെന്നും നഗരസഭാ വക്താവ് പറഞ്ഞു. നഗരഭംഗി നിലനിര്‍ത്തുന്നതിനൊപ്പം താമസക്കാരുടെയും സമീപത്തെ കെട്ടിടങ്ങളിലുള്ളവരുടെയും സ്വകാര്യത ഉറപ്പുവരുത്തുന്നതിനുമാണ് ഈ നിര്‍ദേശം. 2020 അവസാനം വരെയായിരുക്കും വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന സമയപരിധി. ഇക്കാലയളവുവരെ കെട്ടിടം താമസകേന്ദ്രമായിതന്നെ തുടരും. നഗരസഭ ഇതിനായി പ്രത്യേക പെര്‍മിറ്റ് നല്‍കുകയാണ് ചെയ്യുക. കെട്ടിടം വാണിജ്യകേന്ദ്രമായി പരിവര്‍ത്തിപ്പിക്കണമെങ്കില്‍ ഹൗസിങ് മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ആവശ്യമാണ്. കിന്‍റര്‍ഗാര്‍ട്ടനുകള്‍, നഴ്സറികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായുള്ള സ്ഥാപനങ്ങള്‍, സ്വകാര്യ സ്കൂളുകള്‍, ഖുര്‍ആന്‍ സ്കൂളുകള്‍, ഒമാനില്‍ കുറഞ്ഞ പൗരന്മാര്‍ മാത്രമുള്ള രാജ്യങ്ങളുടെ എംബസികള്‍, ഡിപ്ളോമാറ്റിക് കേന്ദ്രങ്ങള്‍, വനിതകളുടെ ബ്യൂട്ടി സലൂണുകള്‍ എന്നിവയാണ് താമസകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അനുമതിയുള്ള ബിസിനസ് സ്ഥാപനങ്ങള്‍. ബ്യൂട്ടി സലൂണുകളില്‍ വനിതകളുടെ സ്വകാര്യത ഉറപ്പുവരുത്തണം. ഇതോടൊപ്പം, ഉടമ ഒമാനിയായിരിക്കുകയും സ്ഥാപനം പബ്ളിക് അതോറിറ്റി ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം എന്‍റര്‍പ്രൈസസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എളുപ്പത്തില്‍ കാണുന്ന കെട്ടിടങ്ങളിലാകണം ബോര്‍ഡുകള്‍. താമസക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധത്തില്‍ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കുകയും വേണം. മത്ര ഡയറക്ടറേറ്റ് ജനറലിന് കീഴില്‍ ആറും സീബില്‍ ഏഴും ഖുറിയാത്തില്‍ ആറും അമിറാത്തില്‍ രണ്ടും ബോഷറില്‍ നാലും റോഡുകളിലെ കെട്ടിടങ്ങളിലാണ് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതിയുള്ളത്.
എന്നാല്‍, ആകെ എത്ര കെട്ടിടങ്ങള്‍ ഈ വിഭാഗത്തില്‍പെടുന്നവയുണ്ടെന്ന് പറയാന്‍കഴിയില്ളെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. നിലവില്‍ അല്‍ ഖുവൈറിലെയും അസൈബയിലെയും ചില റോഡുകളില്‍ ആദ്യനിര വില്ലകള്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.