Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീബ് ഇന്ത്യന്‍...

സീബ് ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ഥിയെ  വലിച്ചിഴച്ച് ബസ് നീങ്ങി

text_fields
bookmark_border
സീബ് ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ഥിയെ  വലിച്ചിഴച്ച് ബസ് നീങ്ങി
cancel

മസ്കത്ത്: ഇന്ത്യന്‍ സ്കൂളുകളില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ അപകടഭീഷണിയുയര്‍ത്തുന്നത് തുടര്‍ക്കഥയാകുന്നു. നിസ്വ ഇന്ത്യന്‍ സ്കൂളിലെ മൂന്ന് മലയാളി കുട്ടികളും ഒരു ഇന്ത്യന്‍ അധ്യാപികയുമടക്കം ആറുപേര്‍ മരിക്കാനിടയായ ബഹ്ല അപകടത്തിന്‍െറ മുറിവുണങ്ങും മുമ്പ് സീബ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന അപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് സാരമായ പരിക്കേറ്റു. ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി വീണതും ബാഗ് ബസില്‍ കൊളുത്തിയതുമറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഒന്നര മീറ്ററോളം വിദ്യാര്‍ഥിയെ ബസ് വലിച്ചിഴച്ചു. ഒപ്പമുണ്ടായിരുന്ന ഇരട്ട സഹോദരന്‍ ബസിന് മുന്നിലേക്ക് ഓടിക്കയറി അലറി വിളിച്ചപ്പോഴാണ് ഡ്രൈവര്‍ വിവരമറിയുന്നത്.  ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം. 
മൂന്നാം ക്ളാസ് വിദ്യാര്‍ഥിയും പത്തനംതിട്ട റാന്നി സ്വദേശി അബ്ദുല്ലത്തീഫിന്‍െറ മകനുമായ മുഹമ്മദ് ആഷിഖിനാണ് പരിക്കേറ്റത്. ഇടുപ്പെല്ലിനും കാല്‍മുട്ടിന്‍െറ എല്ലിനും പൊട്ടലുള്ള ആഷിഖ് ഖൗല ആശുപത്രിയിലെ സര്‍ജിക്കല്‍ പീഡിയാട്രിക് വാര്‍ഡില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ ആവശ്യമില്ളെന്ന് അറിയിച്ച ഡോക്ടര്‍മാര്‍ ആറ് ആഴ്ച കാലില്‍ വെയ്റ്റിട്ട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
സംഭവം നടന്നയുടന്‍ ആഷിഖിനെ ബദര്‍ അല്‍സമ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെനിന്നുള്ള നിര്‍ദേശപ്രകാരം ഖൗല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിക്ക് ആംബുലന്‍സും അപകടത്തില്‍പ്പെട്ടു. ഈ അപകടത്തിന്‍െറ ആഘാതവും ആഷിഖിന്‍െറ പരിക്കിനെ ബാധിച്ചിട്ടുണ്ട്. സ്കൂള്‍ ബസ് നിര്‍ത്തുന്നതിന് മുമ്പ് കയറുന്നതിനായി കുട്ടികള്‍ ഓടിക്കൂടിയ ബഹളത്തിനിടയില്‍പ്പെട്ടാണ് ആഷിഖ് വീണതെന്ന് പറയപ്പെടുന്നു. അപ്പോള്‍ ബാഗ് ബസില്‍ കുരുങ്ങുകയായിരുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഒന്നര മീറ്ററോളം വലിച്ചിഴക്കുന്നതിനിടെ ആഷിഖ് കാല്‍ പൊക്കിപ്പിടിച്ചതിനെ തുടര്‍ന്നാണ് ടയറിനടിയില്‍ പോകാതിരുന്നത്. ഒപ്പംപഠിക്കുന്ന ഇരട്ട സഹോദരന്‍ മുഹമ്മദ് ആദില്‍ ബഹളം വെച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. പല തവണ ബന്ധപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് സ്കൂള്‍ അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. സ്കൂള്‍ വളപ്പിനുള്ളില്‍പോലും തങ്ങളുടെ മക്കള്‍ സുരക്ഷിതരല്ളെന്നാണ് സംഭവം തെളിയിക്കുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സീബ് ഇന്ത്യന്‍ സ്കൂളിലെ രക്ഷാകര്‍ത്താവ് പ്രതികരിച്ചു. സ്കൂള്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക സ്ഥലം വേണം, സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തണം എന്നൊക്കെ എല്ലാ ഓപ്പണ്‍ ഫോറങ്ങളിലും പറയാറുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍ മക്കളെ സ്വന്തം വാഹനത്തില്‍ സ്കൂളില്‍ കൊണ്ടുവിടുകയും വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതിനാല്‍ സ്കൂള്‍ ബസില്‍ പോകുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ളെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ഥികള്‍ സ്കൂള്‍ ബസുകളില്‍ സുരക്ഷിതരായി കയറിപ്പോകും വരെ മേല്‍നോട്ടത്തിന് അധ്യാപകരെ നിയോഗിക്കണമെന്നാണ് മറ്റൊരു രക്ഷാകര്‍ത്താവ് അഭിപ്രായപ്പെട്ടത്. 
ഇതിനായി അധ്യാപകരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കണം. അല്ളെങ്കില്‍ ഓരോ ദിവസവും ഈ ചുമതല ഓരോ ഡിപ്പാര്‍ട്ട്മെന്‍റിനുമായി വീതിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്കൂള്‍ വളപ്പിലെ സ്ഥലപരിമിതിയാണ് അപകടത്തിന് കാരണമായി മറ്റൊരു രക്ഷാകര്‍ത്താവ് ചൂണ്ടിക്കാട്ടിയത്. സ്കൂള്‍ വിടുന്ന സമയത്ത് അധ്യാപകരുടെ വണ്ടി ഇറങ്ങലും സ്കൂള്‍ ബസുകള്‍ കയറലുമായി വാഹനങ്ങളുടെയും കുട്ടികളുടെയും തിക്കുംതിരക്കുമാണ്. സ്കൂള്‍ ബസുകള്‍ക്ക് കൃത്യമായ സ്ഥലം അനുവദിച്ച് അപകടങ്ങള്‍ ആവര്‍ത്തിക്കാതെ മുന്‍കരുതല്‍ എടുക്കുകയാണ് വേണ്ടത്’- അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ബഹ്ല ബസ് അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ സ്കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ കര്‍ശന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തത്തെിയിരുന്നു. 
എല്ലാ ഇന്ത്യന്‍ സ്കൂളുകളിലും സുരക്ഷിതമായ ബസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന തീരുമാനം 2014 ജൂണില്‍ എടുത്തിരുന്നെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് പറയുന്നു. 19 സ്കൂളുകള്‍ ഉള്ളതില്‍ ദാര്‍സൈത്, മബേല എന്നിവിടങ്ങളില്‍ മാത്രമാണ് ബോര്‍ഡ് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളുമായി സ്കൂള്‍ ബസ് സര്‍വിസ് നടത്തുന്നത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ച് തീരുമാനം നടപ്പാക്കിയത്. 
എന്നാല്‍, അതിനുശേഷം ജനുവരിയില്‍ ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ മലയാളി കെ.ജി. വിദ്യാര്‍ഥി ബസിനുള്ളില്‍ കുടുങ്ങിയ സംഭവം ഉണ്ടായിരുന്നു. ബസ് ഓപറേറ്റര്‍മാരുടെ അശ്രദ്ധമൂലം ഉറങ്ങിക്കിടന്ന വിദ്യാര്‍ഥി ഒരു മണിക്കൂറോളമാണ് ബസില്‍ കുടുങ്ങിയത്. ബോര്‍ഡ് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനിയുമായി സ്കൂള്‍ ബസ് സര്‍വിസ് സംബന്ധിച്ച് സീബ് ഇന്ത്യന്‍ സ്കൂള്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ഇതിനായി കമ്മിറ്റി രൂപവത്കരിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, സ്കൂള്‍ ബസ് ഓടിക്കാന്‍ നിയോഗിക്കുന്നവര്‍ക്ക് വേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് സ്കൂള്‍ ബസ് സര്‍വിസ് കരാറടിസ്ഥാനത്തില്‍ നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനികളും ആവശ്യപ്പെടുന്നു. സ്കൂള്‍ ബസുകളില്‍ ഡ്രൈവറെ കൂടാതെ സഹായി ഉണ്ടാകണമെന്നും കുട്ടികളെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിക്കണമെന്നും നിയമം ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല . 
രാജ്യത്തെ സ്കൂള്‍ ബസുകളുടെ മുന്നിലും പിറകിലും സെന്‍സറുകളും കാമറകളും അഗ്നിശമന ഉപകരണങ്ങളും ഘടിപ്പിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. പൊതുഗതാഗത സംവിധാനമായ മുവാസലാത്തുമായി സഹകരിച്ച് സ്കൂള്‍ ബസ് സര്‍വിസ് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. സ്കൂള്‍ യാത്ര സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman indian school
Next Story