സ്വര്‍ണവില കൂടുന്നു : ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്
text_fieldsമസ്കത്ത്: ആഗോള ഓഹരി വിപണിയില്‍ അനുഭവപ്പെടുന്ന വന്‍ തകര്‍ച്ച സ്വര്‍ണത്തിന് അനുകൂലമാകുന്നു. ഇതുകാരണം കഴിഞ്ഞ പത്തു ദിവസമായി ആഗോള മാര്‍ക്കറ്റില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണുണ്ടായത്. വെള്ളിയാഴ്ച ഗ്രാമിന് 15.250 റിയാല്‍ എന്ന നിരക്കിലായിരുന്നു ഒമാനിലെ ജ്വല്ലറികളിലെ കച്ചവടം.
ഇത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സ്വര്‍ണത്തിന് സമാന നിരക്ക് വന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രാമിന് 15.200 റിയാല്‍ ആയിരുന്നു. പിന്നീട് സ്വര്‍ണവില താഴോട്ട് വന്ന് ഗ്രാമിന് 12.950 എന്ന നില വരെ എത്തിയിരുന്നു. അന്താരാഷ്ട്ര ഓഹരി വിപണി ഇടിയുകയും ലോകത്തിലെ പല രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യം കുറയുകയും ചെയ്തതോടെ പണം നിക്ഷേപിക്കാന്‍ ഏറ്റവും സുരക്ഷിത മേഖല സ്വര്‍ണമാണെന്ന് നിക്ഷേപകര്‍ മനസ്സിലാക്കിയതാണ് വില കുത്തനെ ഉയരാന്‍ കാരണം. ഓഹരി വിപണി താഴേക്ക് വന്നതോടെ ലോകത്തിലെ വിവിധ ഫണ്ടുകളുടെ നിക്ഷേപകര്‍ക്ക് മാറി ചിന്തിക്കേണ്ടി വന്നു. എണ്ണവില കുറഞ്ഞതാണ് ഓഹരി വിപണിയെ കാര്യമായി ബാധിച്ചത്. ലോക ഓഹരി വിപണിയെ നിയന്ത്രിക്കുന്നത് എനര്‍ജി സ്റ്റോക് മാര്‍ക്കറ്റാണ്. എണ്ണയും അനുബന്ധ ഉല്‍പന്നങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുക. ഷെയര്‍ മാര്‍ക്കറ്റ് ഇന്‍ഡക്സിനെ പോലും നിയന്ത്രിക്കുന്നത് എനര്‍ജി സ്റ്റോക്കാണ്. എന്നാല്‍, എണ്ണവിലയില്‍ ഇടിച്ചില്‍ വന്നതോടെ മൊത്തം ഓഹരി വിപണിയെ ഇത് പ്രതികൂലമായി ബാധിച്ചു. സ്വര്‍ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എണ്ണവില ബാരലിന് 30 ഡോളറെങ്കിലും കടന്നാല്‍ മാത്രമേ സ്വര്‍ണവിലയില്‍ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളൂ.
2008ലെ സാമ്പത്തിക മാന്ദ്യം തിരിച്ചുവരുമെന്ന് ആശങ്കപ്പെടുന്ന സാമ്പത്തിക വിദഗ്ധരും ഉണ്ട്. ഇത് സ്വര്‍ണവില ഇനിയും വര്‍ധിക്കാന്‍ കാരണമാക്കും. നിലവില്‍ 26 ഡോളറിലാണ് എണ്ണ വില നില്‍ക്കുന്നത്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ 45 ദിവസമായി ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ 3,100 പോയന്‍റാണ് ഇടിഞ്ഞത്. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 864 പോയിന്‍റ് ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വലിയ ഇടിവുണ്ടായത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണം എന്ന് തിരിച്ചറിഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് ദുബൈ ഗോള്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ പി.പി. മുഹമ്മദലി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എണ്ണ, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയ മേഖലയിലെ എല്ലാ നിക്ഷേപവും പരാജയമാണെന്ന് നിക്ഷേപകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് മനസിലാക്കി നിക്ഷേപകര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപമിറക്കുന്ന പ്രവണതയാണുള്ളത്. വില ഉയരാന്‍ തുടങ്ങിയതോടെ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ അവസരമാണിതെന്നായിരുന്നു ദുബൈ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ പി.പി. ബെന്‍സീറിന്‍െറ അഭിപ്രായം. സാധാരണ സ്വര്‍ണവില വര്‍ധിക്കുമ്പോള്‍ ജ്വല്ലറികളില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ കാര്യമായ തിരക്കില്ളെന്ന് ജനറല്‍ മാനേജര്‍ ബഷീര്‍ അഹ്മദ് പറഞ്ഞു.
ഉപഭോക്താക്കള്‍ ആശങ്കയിലാണെന്നും വില എന്താവുമെന്ന് പ്രവചിക്കാന്‍ കഴിയാത്തതുകൊണ്ട് പലരും മടിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.