സ്വകാര്യ നിക്ഷേപത്തിന് പ്രാമുഖ്യം: ദേശീയ ടൂറിസം നയം 2040ന് അനുമതി
text_fieldsമസ്കത്ത്: സ്വകാര്യ നിക്ഷേപത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയുള്ള ദേശീയ ടൂറിസം നയം 2040ന് അനുമതി നല്‍കിയതായി ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്റസി പറഞ്ഞു. ടൂറിസം മേഖലയില്‍ സ്വകാര്യ മേഖലയുടെ നിക്ഷേപം 88 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടുള്ളതാണ് പുതിയ നയം.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലടക്കം സര്‍ക്കാര്‍ നിക്ഷേപം 12 ശതമാനമായിരിക്കും. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ പങ്ക് ആറു ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഒമാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
2040ഓടെ ഒമാനിനെ ലോകത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രതിവര്‍ഷം സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 2040ഓടെ പ്രതിവര്‍ഷം 50 ലക്ഷം സന്ദര്‍ശകര്‍ ഒമാനില്‍ എത്തുമെന്ന് കണക്കാക്കുന്നു. 2020ല്‍ ഹോട്ടല്‍ മുറികളുടെ എണ്ണം 20,000 ആക്കും. നിലവില്‍ ഇത് 16,000 ആണ്. വിനോദസഞ്ചാരികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കും. ചെറുകിട-ഇടത്തരം ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൊത്തം 26 ലക്ഷം പേര്‍ ഒമാന്‍ സന്ദര്‍ശിച്ചെന്നാണ് നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (എന്‍.സി.എസ്.ഐ) പുറത്തിറക്കിയ ടൂറിസം റിപ്പോര്‍ട്ട് 2015ല്‍ പറയുന്നത്.
ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനത്ത്- 10,60,000 പേര്‍. 2,99,661പേരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. അതിനിടെ, തീരദേശ മേഖലയായ ദുഖമില്‍ 283 മില്യന്‍ റിയാലിന്‍െറ ടൂറിസം കോംപ്ളക്സ് നിര്‍മിക്കുന്നത് സംബന്ധിച്ച് ദുഖം സ്പെഷല്‍ ഇക്കണോമിക് സോണ്‍ അതോറിറ്റി (സെസാദ്) മറീന ദുഖം കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. 7,41,000 ചതുരശ്ര മീറ്ററില്‍ നക്ഷത്ര ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, വാട്ടര്‍ തീം പാര്‍ക്ക്, പൂന്തോട്ടം, താമസ-വിനോദകേന്ദ്രങ്ങള്‍, റെസ്റ്റാറന്‍റുകള്‍, ബീച്ച് ഗെയിമുകള്‍ തുടങ്ങിയവയാണ് ടൂറിസം കോംപ്ളക്സില്‍ ഉണ്ടാകുക.
നാലു ഘട്ടമായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഓരോ ഘട്ടവും പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെസാദ് ചെയര്‍മാന്‍ യഹ്യ അല്‍ ജാബിരി പറഞ്ഞു.
800ഓളം പേര്‍ക്കുള്ള തൊഴില്‍ സാധ്യതയും പദ്ധതി തുറന്നിടുന്നു. വാതക വിതരണ ശൃംഖല, സംഭരണികള്‍, ഗോഡൗണുകള്‍, ആശുപത്രി സമുച്ചയം, സ്കൂള്‍, വ്യാപാര കേന്ദ്രങ്ങള്‍, വില്ലകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ അടങ്ങുന്ന മറ്റൊരു പദ്ധതിയുടെ രണ്ടാം ഘട്ടവും ദുഖമില്‍ പുരോഗമിക്കുന്നുണ്ട്. 2020ഓടെ ദുഖമില്‍ 23 പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് സെസാദ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.