കെട്ടിടമുടമയുടെ കെണിയില്‍പെട്ട് ആറുവര്‍ഷമായി നാട്ടില്‍പോകാന്‍ കഴിയാതെ മലയാളി
text_fieldsമസ്കത്ത്: കെട്ടിടം ഉടമയുടെ കെണിയില്‍പെട്ട മലയാളി ആറുവര്‍ഷമായി നാട്ടില്‍പോകാന്‍ കഴിയാതെ കേസും ജയിലുമായി വലയുന്നു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ഉണ്ണി നാരായണനാണ് (രാജേന്ദ്രന്‍) വാടക കുടിശ്ശിക നല്‍കാനുണ്ടെന്ന് കാട്ടി ഉടമ നല്‍കിയ കേസിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയത്. 65കാരനായ ഇദ്ദേഹത്തിന്‍െറ വിസാ കാലാവധി 2011ല്‍ കഴിഞ്ഞെങ്കിലും കേസിന്‍െറയും മറ്റും മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലം ഇതുവരെ പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ നാട്ടിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് തന്‍െറ പേരില്‍ കേസ് ഉള്ള വിവരം രാജേന്ദ്രന്‍ അറിയുന്നത്. ബോര്‍ഡിങ് പാസ് എടുത്തശേഷം എമിഗ്രേഷനില്‍ ചെന്നപ്പോഴാണ് വാടക കുടിശ്ശികയിനത്തില്‍ 2800 റിയാല്‍ നല്‍കാനുണ്ടെന്ന് കാട്ടി സ്വദേശി കേസ് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
ക്യൂവില്‍നിന്ന് മാറിനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അത് തന്‍െറ ജീവിതത്തിലെ നിലക്കാത്ത ദുരിതത്തിന്‍െറ ആരംഭമാണെന്ന് ഇദ്ദേഹം കരുതിയില്ല. ബോഷര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ രാജേന്ദ്രന് രണ്ടു തവണയായി അഞ്ചു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. ഭാര്യയും മൂന്നു മക്കളുമാണ് രാജേന്ദ്രന് ഉണ്ടായിരുന്നത്. ഭാര്യ 2008ലും മൂത്ത മകന്‍ 2009ലും മരിച്ചു. ദുരന്തങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി വന്നെങ്കിലും ജീവിതം കരുപിടിപ്പിക്കാനുള്ള ആഗ്രഹത്താല്‍ ഇദ്ദേഹം തളര്‍ന്നില്ല. എന്നാല്‍, ആറു വര്‍ഷമായി തുടരുന്ന ദുരിതപര്‍വവും രോഗപീഡകളും മനോവീര്യത്തെ തളര്‍ത്തിയിരിക്കുകയാണ്. നാട്ടില്‍പോകാന്‍ എന്ന് കഴിയുമെന്നറിയാത്ത ഇദ്ദേഹത്തിന് സാന്ത്വനം പകരാന്‍ സുമനസ്സുകള്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍. 1982ലാണ് ഇദ്ദേഹം ആദ്യമായി ഒമാനിലത്തെുന്നത്. 1999ല്‍ തിരികെപോയി ഒന്നര വര്‍ഷം നാട്ടില്‍നിന്ന ശേഷം 2001ല്‍ വീണ്ടും തിരിച്ചത്തെി. നിര്‍മാണ ജോലികള്‍ കരാറെടുത്ത് ചെയ്തുവന്നിരുന്ന രാജേന്ദ്രന്‍ മത്രയിലാണ് താമസിച്ചിരുന്നത്. കെട്ടിടം ഉടമയായ സ്വദേശിയുമായി ഏറെ അടുപ്പത്തിലായിരുന്നു.
ഇയാളുടെ വസ്തുവില്‍ കെട്ടിടം നിര്‍മിച്ച് നല്‍കിയിട്ടുമുണ്ട്. അടുപ്പത്തിന്‍െറ പുറത്ത് കരാര്‍ ഒന്നുമില്ലാതെയാണ് വാടകക്ക് താമസിച്ചിരുന്നത്. മറ്റ് ആവശ്യങ്ങള്‍ക്കായി ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഉപയോഗിച്ച് വ്യാജ എഗ്രിമെന്‍റ് ചമച്ചാണ് കേസ് നല്‍കിയതെന്നും രാജേന്ദ്രന്‍ പറയുന്നു. കോടതിയില്‍ 2800 റിയാല്‍ ഗഡുക്കളായി നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ജാമ്യത്തില്‍ വിട്ടത്. വല്ലപ്പോഴും ലഭിക്കുന്ന കരാര്‍ ജോലികള്‍ ചെയ്ത് കിട്ടിയ 1300 റിയാല്‍ ഇതിനകം അടച്ചുകഴിഞ്ഞു. ബാക്കി തുകക്കൊപ്പം ഇത്രയും കാലം താമസനിയമം ലംഘിച്ചതിനുള്ള പിഴസംഖ്യയും കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇദ്ദേഹം. രക്തസമ്മര്‍ദവും പ്രമേഹവുമടക്കം ഒരുപിടി രോഗങ്ങള്‍ അലട്ടുമ്പോഴും കരുണയുടെ കരങ്ങള്‍ നീണ്ടാല്‍ നാട്ടിലത്തൊമെന്ന ശുഭപ്രതീക്ഷയിലാണ് രാജേന്ദ്രന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.