മുസന്ദത്തും ബുറൈമിയിലും കനത്ത മഴ
text_fieldsമസ്കത്ത്: മുസന്ദം, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച ഉച്ചക്കുശേഷം കനത്ത മഴ പെയ്തു. ഖസബ്, ബുഖ, ദിബ്ബ വിലായത്തുകളിലാണ് മഴ പെയ്തത്. ശക്തമായ മഴ കാരണം വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. മഴ കാരണം ഗതാഗത സ്തംഭനവും അനുഭവപ്പെട്ടു. എന്നാല്‍, അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദാഖിലിയ്യ, ദാഖിറ ഗവര്‍ണറേറ്റുകളിലും മസ്കത്ത് ഗവര്‍ണറേറ്റിലും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടത്തരവും ശക്തവുമായ മഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വാദികള്‍ നിറഞ്ഞ് കവിയാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൊഹാറിന്‍െറ വിവിധ ഭാഗങ്ങളിലും മഴ പെയ്തിട്ടുണ്ട്. ബര്‍കയില്‍ ഞായറാഴ്ച രാത്രി ഇടിമിന്നലോടെ ശക്തമായ മഴ പെയ്തതായി താമസക്കാര്‍ പറയുന്നു. അരമണിക്കൂറോളം മഴ തുടര്‍ന്നതിനാല്‍ പല ഭാഗത്തും ഗതാഗതതടസ്സവും അനുഭവപ്പെട്ടിരുന്നു. മസ്കത്ത്, മത്ര എന്നിവിടങ്ങളില്‍ രാത്രി 10ഓടെ ചെറിയ തോതില്‍ മഴ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള കാലാവസ്ഥാ വ്യതിയാനം തിങ്കളാഴ്ച വരെ തുടരാന്‍ സാധ്യതയുള്ളതായി ഏറ്റവും പുതിയ കാലാവസ്ഥാ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ ഭാഗങ്ങളില്‍ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും അനുഭവപ്പെടാനും സാധ്യതയുണ്ട്്. രാജ്യത്തിന്‍െറ മിക്ക ഭാഗങ്ങളില്‍ ശക്തമായതോ ഇടത്തരമോ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും അന്തരീക്ഷ ഊഷ്മാവ് താഴാനും ശക്തമായ തണുപ്പനുഭവപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴയുള്ള സമയം വേഗത്തില്‍ വാഹനമോടിക്കരുത്്.
നിലവിലുള്ള ന്യൂനമര്‍ദം ഇറാനില്‍ ശക്തമായ മഴക്ക് കാരണമാക്കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെട്രോളജി ആന്‍ഡ് എയര്‍ നാവിഗേഷന്‍ അധികൃതര്‍ അറിയിച്ചു. ഇത് കാരണം ഒമാന്‍െറ വിവിധ ഭാഗങ്ങളിലും അടുത്ത രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ട്. മുസന്ദത്തുനിന്ന് ആരംഭിച്ച് ക്രമേണ തെക്കന്‍ ബാത്തിന, ദാഖിറ, ദാഖിലിയ്യ, തെക്കന്‍ ശര്‍ഖിയ്യ, വടക്കന്‍ ശര്‍ഖിയ്യ, മസ്കത്ത്, അല്‍ ഹജര്‍ എന്നിവിടങ്ങളിലേക്ക് മഴയത്തൊന്‍ സാധ്യതയുണ്ട്.
അപകടങ്ങളിലോ അത്യാഹിതങ്ങളിലോ പെടുന്നവര്‍ സഹായത്തിനായി 9999 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പബ്ളിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ശാന്തസമുദ്രത്തില്‍ പ്രത്യക്ഷപ്പെടുന്ന എല്‍നിനോ എന്ന പ്രതിഭാസമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. എല്‍നിനോ മൂലം രാജ്യത്ത് പതിവില്‍ കൂടുതല്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.
ദുബൈ അടക്കം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ഞായറാഴ്ച മഴയുണ്ടായിരുന്നു. ശാന്ത സമുദ്ര ഉപരിതലം ശക്തമായി ചൂട് പിടിക്കുന്നതാണ് എല്‍നിനോക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.