ഒമാന്‍–സൗദി ഹൈവേ ഉടന്‍ തുറന്നുകൊടുത്തേക്കും
text_fieldsമസ്കത്ത്: റോഡ് എന്‍ജിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായി വിലയിരുത്തുന്ന ഒമാന്‍-സൗദി ഹൈവേ ഉടന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കും. നിര്‍മാണം അവസാനഘട്ടത്തിലത്തെിയതിന്‍െറ സൂചനയായി റുബുഉല്‍ഖാലിയിലെ ഒമാന്‍ ചെക്പോസ്റ്റ് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു. പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ആര്‍.ഒ.പി അംഗങ്ങളുടെ പരിശീലനവും നടന്നു. പൊലീസ് ആന്‍ഡ് കസ്റ്റംസ് വിഭാഗം ഐ.ജി ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്സിന്‍ അല്‍ ഷരീഖിയുടെ സാന്നിധ്യത്തിലായിരുന്നു പരിശീലനം. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഐ.ജി നല്‍കി. ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം. റോഡ് തുറക്കുന്നതോടെ ഒമാന്‍-സൗദി യാത്രയില്‍ 500 കിലോമീറ്റര്‍ വരെ ലാഭിക്കാന്‍ കഴിയും.
നിലവില്‍ യു.എ.ഇ വഴിയാണ് ഒമാനില്‍നിന്നുള്ളവര്‍ സൗദി അറേബ്യയിലേക്ക് പോകുന്നത്. കാറ്റില്‍ ഇടക്കിടെ രൂപംമാറുന്ന ജനവാസമില്ലാത്ത ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടാണ് റുബുഉല്‍ഖാലി.
ഇവിടെ 130 ദശലക്ഷം ഘന അടി മണല്‍ നീക്കം ചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. 200 ദശലക്ഷം ഒമാനി റിയാല്‍ ചെലവിട്ട് 160 കിലോമീറ്റര്‍ ഒമാന്‍ സര്‍ക്കാറും, ശതലക്ഷം റിയാല്‍ ചെലവിട്ട് 566 കിലോമീറ്റര്‍ സൗദിയുമാണ് നിര്‍മിച്ചത്. ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്ന് സൗദി അതിര്‍ത്തി വരെയാണ് ഒമാനിലെ റോഡ്. എണ്ണപ്പാടങ്ങള്‍ക്ക് സമീപത്തുകൂടിയാണ് ഒമാന്‍ അതിര്‍ത്തിയിലെ റോഡ് കടന്നുപോകുന്നത്. ഹറദ് ബത്താ റോഡിനെ ബന്ധിപ്പിക്കുന്ന 319 കിലോമീറ്ററും, അല്‍ ശിബ മുതല്‍ ഒമാന്‍ അതിര്‍ത്തി വരെ 247 കിലോമീറ്ററുമാണ് സൗദിയിലൂടെ കടന്നുപോകുന്നത്. ഒമാന്‍െറ ഭാഗത്തെ റോഡ് നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ, സൗദിയിലെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു. നിര്‍മാണരംഗത്തെ വെല്ലുവിളികളായിരുന്നു പ്രധാന കാരണം.
6.40 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള റുബുഉല്‍ഖാലിയിലൂടെയുള്ള റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മണല്‍ക്കൂനകള്‍ക്കിടയില്‍ പാലങ്ങളും മറ്റും നിര്‍മിച്ചിട്ടുണ്ട്. 26 പിരമിഡുകളുടെ വലുപ്പത്തിന് തുല്യമായ മണലാണ് റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മാറ്റിയതെന്ന് സൗദി ഭാഗത്തെ കരാറുകാരായ ഫാംകോ അറിയിച്ചു. ഒമാന്‍ ഭാഗത്തെ റോഡ് നിര്‍മാണത്തിന് രണ്ടുവര്‍ഷമെടുത്തപ്പോള്‍ സൗദി ഭാഗത്ത് നാലു വര്‍ഷമെടുത്തു. റോഡ് സൗദി-ഒമാന്‍ വാണിജ്യരംഗത്തും ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നുകാലികളുടെയും കാര്‍ഷികോല്‍പന്നങ്ങളുടെയുമടക്കം വ്യാപാരത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കും റോഡ്വഴി നേട്ടം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജി.സി.സി ചാര്‍ട്ടര്‍ പ്രകാരമുള്ള കുറഞ്ഞ നികുതിയും ഉഭയകക്ഷി വാണിജ്യത്തില്‍ ഉണര്‍വാകും. ഹജ്ജ്, ഉംറ യാത്രികര്‍ക്കും പുതിയ റോഡ് ഉപകാരപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.