ഒമാന്‍ എയര്‍ സൊഹാര്‍ സര്‍വിസ് നിര്‍ത്തലാക്കിയത് വ്യവസായ മേഖലയെ ബാധിക്കും
text_fieldsമസ്കത്ത്: ഒമാന്‍ എയര്‍ സൊഹാര്‍ സര്‍വിസ് നിര്‍ത്തലാക്കിയത് വടക്ക്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലെ വ്യവസായ വളര്‍ച്ചയെയും ടൂറിസം സാധ്യതകളെയും ബാധിക്കുമെന്ന് ശൂറാ കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടു. ഡോ. മുഹമ്മദ് ബിന്‍ ഇബ്രാഹീം അല്‍ സദ്ജാലിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
വടക്ക്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലെ നിവാസികളെ സംബന്ധിച്ചിടത്തോളം ഒമാന്‍ എയറിന്‍െറ ഈ തീരുമാനം ഇടിവെട്ടിന് സമാനമാണ്. നഷ്ടത്തിന്‍െറ പേരില്‍ കഴിഞ്ഞയാഴ്ച സര്‍വിസ് നിര്‍ത്തലാക്കിയ നടപടി ഇവിടത്തുകാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തെ ബാധിക്കും. സൊഹാര്‍ തുറമുഖം പൂര്‍ണ സജ്ജമായി പ്രവര്‍ത്തനമാരംഭിച്ചതിന്‍െറയും വ്യവസായവത്കരണ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതിന്‍െറയും ഗുണഫലങ്ങള്‍ ദേശീയ വിമാന കമ്പനിയുടെ തീരുമാനംമൂലം ഇല്ലാതാകാന്‍ സാധ്യതയുണ്ട്.
ഒമാന്‍ എയര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അല്‍ സദ്ജാലി. അല്ലാത്തപക്ഷം മറ്റു വിമാനക്കമ്പനികളെ സര്‍വിസിനായി ചുമതലപ്പെടുത്തണമെന്നും പറഞ്ഞു. അതേസമയം, പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളും മറ്റും നല്‍കിയിട്ടും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാത്തതാണ് സര്‍വിസ് നിര്‍ത്തലാക്കാന്‍ കാരണമായതെന്ന് ഒമാന്‍ എയര്‍ വക്താവ് പറഞ്ഞു.
സര്‍വിസ് തുടരുന്നത് സാമ്പത്തികമായ കണ്ണിലൂടെ നോക്കുമ്പോള്‍ യുക്തിസഹമല്ല. സര്‍വിസ് താല്‍ക്കാലികമായാണ് നിര്‍ത്തലാക്കിയത്. യാത്രക്കാരുടെ താല്‍പര്യം വര്‍ധിക്കുന്നപക്ഷം സര്‍വിസ് പുനരാരംഭിക്കുന്നത് പരിഗണിക്കുമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.