ഇബ്രി വാഹനാപകടം: അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു
text_fieldsമസ്കത്ത്: ഒമാനെ ഞെട്ടിച്ച് ഇബ്രിക്കടുത്ത് ഫഹൂദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ നില മാറ്റമില്ലാതെ തുടരുന്നു. ഇവര്‍ ഇബ്രി, നിസ്വ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. നിസ്വ ആശുപത്രിയില്‍ മൂന്നുപേരും ഇബ്രി ആശുപത്രിയില്‍ രണ്ടു പേരുമാണ് ഗുരുതരാവസ്ഥയിലുള്ളത്. അപകടത്തില്‍പെട്ട കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരും ബസ് യാത്രക്കാരനായിരുന്ന ഒരാളുമാണ് നിസ്വ ആശുപത്രിയിലുള്ളത്. ഇതില്‍ ഗുരുതര പരിക്കേറ്റ ഒമാന്‍ സ്വദേശിയെ മികച്ച ചികിത്സക്കായി മസ്കത്തിലെ ഖൗല ആശുപത്രിയിലേക്ക് മാറ്റി.
ഇബ്രി ആശുപത്രിയില്‍ ഒരു സ്വദേശിയും മറ്റൊരു ബംഗ്ളാദേശ് സ്വദേശിയുമാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. അപകടത്തില്‍ പരിക്കേറ്റ ബാക്കിയുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ടു. നിസ്സാര പരിക്കുകളുള്ള ചിലര്‍ ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങി. പരിക്കുകളുള്ള മറ്റുള്ളവര്‍ നിസ്വ, ഇബ്രി, ബഹ്ല ആശുപത്രി വാര്‍ഡുകളിലാണുള്ളത്. ഹെലികോപ്ടറിലാണ് ഗുരുതരാവസ്ഥയിലുള്ള ഒമാനി സ്വദേശിയെ മസ്കത്തിലേക്ക് മാറ്റിയത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. എന്നാല്‍, അഞ്ചുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ ഏതു രാജ്യക്കാരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ രേഖകള്‍ നഷ്ടപ്പെട്ടതാണ് തിരിച്ചറിയല്‍ പ്രയാസമാക്കുന്നത്. സലാലയില്‍നിന്ന് ഉച്ചക്കുശേഷം മൂന്നിന് ദുബൈയിലേക്ക് പുറപ്പെട്ട ജി.ടി.സി ബസ് പുലര്‍ച്ചെ 12.30 നാണ് അപകടത്തില്‍പെട്ടത്. ഇബ്രിയില്‍നിന്ന് 95 കിലോ മീറ്റര്‍ അകലെ ഫഹൂദിനടുത്ത് നൈത് റൗണ്ടബൗട്ടിന് സമീപമായിരുന്നു അപകടം. രാവിലെ ഒമ്പതിനായിരുന്നു ബസ് ദുബൈയില്‍ എത്തേണ്ടിയിരുന്നത്. അപകടം എങ്ങനെ സംഭവിച്ചുവെന്നതും കാര്‍ എങ്ങനെ അപകടത്തില്‍പെട്ടു എന്നതും വ്യക്തമല്ല.
സലാലയിലേക്ക് പോവുകയായിരുന്ന ട്രെയ്ലറിന്‍െറ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയും ബസ് ഡ്രൈവര്‍ വണ്ടി വെട്ടിച്ചുമാറ്റവേ കാറില്‍ ഇടിക്കുകയും ചെയ്തതാവാമെന്ന് അനുമാനിക്കുന്നു. ട്രെയ്ലറിന്‍െറ ഡ്രൈവര്‍ മരിക്കുകയും പരിക്കേറ്റ ബസ് ഡ്രൈവര്‍ ചികിത്സയിലുമാണ്. അതിനിടെ, പി.ഡി.ഒ ജീവനക്കാരാണ് അപകടത്തില്‍പെട്ടതെന്ന വര്‍ത്തയും പരന്നിരുന്നു. എന്നാല്‍, തങ്ങളുടെ ജീവനക്കാര്‍ അപകടത്തില്‍പെട്ടിട്ടില്ളെന്ന് പി.ഡി.ഒ അധികൃതര്‍ അറിയിച്ചു. നിരവധി പി.ഡി.ഒ വാഹനങ്ങളും മറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. അടിയന്തര ചികിത്സക്കായി പി.ഡി.ഒയുടെ ഫഹൂദ് ക്ളിനിക്കും ഉപയോഗപ്പെടുത്തിയിരുന്നു. അതിനിടെ, ട്രെയ്ലറുകളുടെ രാത്രികാല ഓട്ടത്തിന് നിയന്ത്രണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഒമാനിലെ വാഹനാപകടങ്ങളില്‍ പ്രധാന വില്ലന്‍ ട്രെയ്ലറുകളാണെന്ന് കണ്ടത്തെിയിരുന്നു. ഇവ വിതക്കുന്ന അപകടങ്ങളില്‍ നാശനഷ്ടങ്ങളും അപായവും സംഭവിക്കുന്നത് ചെറിയ വാഹനങ്ങള്‍ക്കാണ്. അര്‍ധരാത്രിയായാല്‍ ഹൈവേകള്‍ ഇവ കൈയടക്കും. അമിതഭാരം കയറ്റി അമിതവേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയുമാണ് ഭൂരിഭാഗം വാഹനങ്ങളും ഓടുന്നത്. അപകടം കുറക്കാന്‍ ട്രെയ്ലറുകള്‍ക്ക് കര്‍ശന നിയന്ത്രണംഅധികൃതര്‍ നടപ്പാക്കിയിരുന്നു. ടയറുകളുടെ സുരക്ഷ ഉറപ്പാക്കല്‍ ഇതില്‍ പ്രധാനമാണ്.
ഗുണനിലവാരമുള്ള ടയറുകള്‍ മാത്രം ട്രെയ്ലറുകള്‍ക്ക് ഉപയോഗിക്കണമെന്നും കര്‍ശന നിയമമുണ്ടാക്കിയിരുന്നു. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്നത് കണ്ടത്തെിയാല്‍ പിഴയും ഈടാക്കിയിരുന്നു. ഇതൊക്കെയുണ്ടായിട്ടും ട്രെയ്ലറുകള്‍ അപകടം വിതക്കുന്നതിനാലാണ് രാത്രികാല നിയന്ത്രണം വേണമെന്ന ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.