കോംഗോ പനി : രാജ്യത്ത് രണ്ടു പേര്‍കൂടി മരിച്ചു
text_fieldsമസ്കത്ത്: ക്രീമിയന്‍ കോംഗോ ഹെമറോജിക് ഫീവര്‍ (കോംഗോ പനി) ബാധിച്ച് രാജ്യത്ത് രണ്ടു മരണംകൂടി. മാര്‍ച്ചിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരിയില്‍ ബുറൈമിയില്‍ കോംഗോ പനി ബാധിതനായി ഒരാള്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ആറ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഇതില്‍ മൂന്നു പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇബ്രയില്‍ കന്നുകാലി വളര്‍ത്തുകേന്ദ്രത്തിലെ കശാപ്പുകാരനായി ജോലിനോക്കുന്ന വിദേശിയാണ് മരിച്ചവരില്‍ ഒരാളെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ പിതാവിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ഫാം. അടച്ചിട്ട കന്നുകാലി വളര്‍ത്തുകേന്ദ്രം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രോഗാണുമുക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ മൃഗങ്ങളിലേക്കോ ആളുകളിലേക്കോ രോഗം പടര്‍ന്നിട്ടുണ്ടോയെന്നതു സംബന്ധിച്ച് പരിശോധന നടത്തുമെന്ന് ഇബ്ര നഗരസഭ ഹെല്‍ത്ത് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബദര്‍ അല്‍ ബറാഷ്ദി പറഞ്ഞു.
ഇതിനായി സാമ്പ്ളുകള്‍ ശേഖരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അല്‍ ബറാഷ്ദി കൂട്ടിച്ചേര്‍ത്തു. വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ശരീരത്തിലെ ചെള്ളുകളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ചെള്ളുകടിക്ക് പുറമെ രോഗം ബാധിച്ച മൃഗത്തിന്‍െറ രക്തം, ശരീരസ്രവങ്ങള്‍, അവയവങ്ങള്‍ എന്നിവ സ്പര്‍ശിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാം. പനി, പേശീവേദന, ഓക്കാനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം, രക്തസ്രാവം എന്നിവയാണ് കോംഗോ പനിയുടെ ലക്ഷണങ്ങള്‍.
രോഗം പടര്‍ന്ന് നാലു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ സാധാരണ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. രോഗമുണ്ടായി ഉടന്‍ ചികില്‍സ തേടുന്നതിലൂടെ മാത്രമേ മരണസാധ്യത കുറക്കാന്‍ കഴിയൂ. കന്നുകാലി പരിചരണം, അറവ് ജോലികള്‍ ചെയ്യുന്നവര്‍ ഗൗണുകള്‍, കൈയുറകള്‍, നീളമുള്ള ഷൂസ്, കണ്ണടകള്‍ എന്നിവ ധരിക്കുന്നത് രോഗബാധയുണ്ടാകാതിരിക്കാന്‍ സഹായിക്കും. ഫാമുകളില്‍നിന്നും മറ്റും മൃഗങ്ങളെ വാങ്ങുന്നവര്‍ ചെള്ളുകളുടെ സാന്നിധ്യമില്ലാത്തവ നോക്കി വാങ്ങുകയും വേണം. ചെള്ളുകളെ കൈകൊണ്ട് കൊല്ലരുത്. ഇതിനായി മന്ത്രാലയം അംഗീകരിച്ച രാസവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ആഫ്രിക്കക്ക് പുറമെ ബാള്‍ക്കന്‍, ഏഷ്യ, മിഡിലീസ്റ്റ് എന്നിവിടങ്ങളിലാണ് കോംഗോ പനി വ്യാപകം.
995ലാണ് ഒമാനിലെ ആദ്യ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒന്നിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നില്ല. 2014ല്‍ എട്ടോളം പേരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രണ്ടു മരണം ഉണ്ടാവുകയും ചെയ്തു. 2013ല്‍ പത്ത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആറുപേരാണ് മരിച്ചത്.
പാകിസ്താനിലാണ് ഏറ്റവുമധികം കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേഖലയിലെ മറ്റ് നിരവധി രാഷ്ട്രങ്ങളിലും കോംഗോ പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.